
അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തേ സൗരോര്‍ജക്കരാറിന് കൈക്കൂലിനല്‍കിയെന്ന ആരോപണത്തില്‍ ഗൗതം അദാനിക്കെതിരെ യുഎസ് അഴിമതിക്കുറ്റം ചുമത്തിയിരുന്നു.
അദാനിക്കെതിരെ 265 ദശലക്ഷം ഡോളര്‍ കൈക്കൂലി കേസില്‍ അമേരിക്ക കുറ്റം ചുമത്തി. ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളായ അദാനിക്കും മറ്റ് ഏഴ് പ്രതികള്‍ക്കുമെതിരെ ഒന്നിലധികം തട്ടിപ്പുകളുടെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരികളും ബോണ്ടുകളും ഇടിഞ്ഞിരുന്നു.
അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രസ്തുത വാറണ്ടുകള്‍ വിദേശ നിയമപാലകര്‍ക്ക് കൈമാറാന്‍ പ്രോസിക്യൂട്ടര്‍മാര്‍ പദ്ധതിയിടുന്നുണ്ടെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടി ഡോളര്‍ ലാഭം ലഭിക്കുന്ന കരാറുകള്‍ നേടുന്നതിനായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പ്രതികള്‍ സമ്മതിച്ചതായി അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് പദ്ധതിയുടെ അനുമതികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി. അദാനി ഗ്രീന്‍ എനര്‍ജിയുടെ മുന്‍ സിഇഒ വിനീത് ജെയിനും, അദാനികളും ചേര്‍ന്ന് അഴിമതി മറച്ചുവച്ച് 300 കോടി ഡോളര്‍ വായ്പകളും ബോണ്ടുകളുമായി വായ്പ നല്‍കുന്നവരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും സമാഹരിച്ചതായും അവര്‍ പറഞ്ഞു.
സെക്യൂരിറ്റീസ് തട്ടിപ്പ്, സെക്യൂരിറ്റീസ് തട്ടിപ്പ് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) സിവില്‍ കേസിലും അദാനിക്കെതിരെ കുറ്റം ചുമത്തിയിരുന്നു.