
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ വിദേശകാര്യ മന്ത്രാലയമാണ് എതിർകക്ഷി. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യമൻ തലസ്ഥാനം സനായിലെ ജയിലിലാണ് നിമിഷപ്രിയ. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പിലാക്കുമെന്ന് റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഹർജി.
നിമിഷപ്രിയയ്ക്കൊപ്പം യെമനിൽ ക്ലിനിക് നടത്തിയിരുന്നു യമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്. നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ച് വച്ച തലാൽ അബ്ദുമഹ്ദിയിൽ നിന്ന് അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. മരുന്ന് കുത്തിവച്ച് മയക്കിയാണ് പാസ്പോർട്ട് തിരിച്ചെടുക്കാനുള്ള ശ്രമം നിമിഷപ്രിയ നടത്തിയത്. മരുന്ന് ഓവർഡോസ് ആയതാണ് മരണകാരണം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ.


