
PHOTO: PTI
ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാന്‍ ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. നാലു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അവാര്‍ഡുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം പുരസ്‌കാരം റദ്ദാക്കണമോയെന്ന കാര്യം തീരുമാനിക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി പറഞ്ഞു. ഹര്‍ജിയില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ഈ മാസം 17 ന് അവാര്‍ഡ് വിതരണം ചെയ്യുന്നതിനു മുമ്പായി ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അവാര്‍ഡിനായി മത്സരിച്ച ഫീച്ചര്‍ ഫിലിം 'ആകാശത്തിനു താഴെ'യുടെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്താണ് പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സ്വജനപക്ഷപാതമോ?
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടതായി സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിക്കാരന്റെ 'ആകാശത്തിനു താഴെ' എന്ന സിനിമയും സംവിധായകന്‍ വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചലച്ചിത്രവും അവാര്‍ഡ് നിര്‍ണയത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും ഇവയൊക്കെ തഴയപ്പെടുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സംവിധായകന്‍ വിനയന്റെ സിനിമയെ അവഗണിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് കാരണം. വിനയന്‍ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' ബോധപൂര്‍വം തഴയാന്‍ ജൂറി അംഗങ്ങള്‍ക്കിടയില്‍ രഞ്ജിത്ത് ആശയവിനിമയം നടത്തിയെന്ന ആരോപണത്തില്‍ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോണ്‍ സംഭാഷണവും വിനയന്‍ പുറത്തുവിട്ടിരുന്നു. സിനിമയ്ക്ക് ലഭിച്ച മൂന്ന് അവാര്‍ഡുകള്‍ ഇല്ലാതാക്കാനും രഞ്ജിത്ത് ശ്രമം നടത്തിയെന്നും നേമം പുഷ്പരാജും വിനയനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഗോഷ് അടക്കമുള്ള ജൂറി അംഗങ്ങള്‍ തിരികെ വന്ന് ഒന്നുകൂടി ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടല്‍മൂലമാണെന്നും നേമം പുഷ്പരാജ് ആരോപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നേരത്തെ അറിയിച്ചുവെന്നും ഫോണ്‍ സംഭാഷണങ്ങള്‍ പറയുന്നു. തുടര്‍ച്ചയായി ജൂറി അംഗങ്ങള്‍ രംഗത്തുവരുമ്പോഴും ഇതുവരെ പ്രതികരിക്കാന്‍ രഞ്ജിത്ത് തയ്യാറായിട്ടില്ല.