PHOTO: WIKI COMMONS
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് 2 ബുധനാഴ്ച മുതല്‍ സുപ്രീംകോടതി പരിഗണിക്കും. മൂന്ന് വര്‍ഷത്തിനു ശേഷമാണ് സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
2019 ഓഗസ്റ്റ് 5 ന് പുറപ്പെടുവിച്ച ഉത്തരവോടെ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതാണ് ഹര്‍ജികള്‍ ചോദ്യം ചെയ്യുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് ജൂലൈ 11 ന് വിവിധ കക്ഷികളുടെ രേഖാമൂലമുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 27 ആയി നിശ്ചയിച്ചിരുന്നു. പ്രസ്തുത തീയതിക്ക് ശേഷം രേഖകളൊന്നും സ്വീകരിക്കില്ലെന്ന് കോടതി അറിയിച്ചു. ഭരണഘടനയിലെ 370- ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ റദ്ദാക്കുന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഇരുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിയ്ക്കു മുന്നിലുള്ളത്. തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ്് ഹര്‍ജികളില്‍ പറയുന്നത്.
ആര്‍ട്ടിക്കിള്‍ 370 നല്‍കുന്ന പ്രത്യേക പദവി
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന താല്‍ക്കാലിക വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. ഇതു പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമാകില്ല. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ തുടര്‍ന്ന് വിവിധ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചിരിന്നു. 1947 ഒക്ടോബറിലാണ് കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴികെ ഇന്ത്യയിലെ മറ്റു നിയമങ്ങള്‍ കാശ്മീരില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. പൗരത്വം, സ്വത്തിന്റെ ഉടമസ്ഥാവകാശം മൗലികാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സവിശേഷ അധികാരങ്ങള്‍ ഉണ്ടായിരിന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ നിന്നും ഭൂമിയോ വസ്തുവോ വാങ്ങാന്‍ കഴിയില്ല, തുടങ്ങിയവ അതിന്റെ ഭാഗമാണ്. സാമ്പത്തിക അടിയന്തരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. സംസ്ഥാനത്ത് യുദ്ധമോ ബാഹ്യ ആക്രമണമോ ഉണ്ടായാല്‍ മാത്രമേ കേന്ദ്രത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയൂ. അതും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമോ, സമ്മതപ്രകാരമോ മാത്രം.
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനുള്ള തീരുമാനം.
2019 ഓഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ തീരുമാനിക്കുന്നത്. കശ്മീരിന്റെ സ്വയംഭരണാവകാശത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന അതേ ദിവസം തന്നെ കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ യും റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ വകുപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ഫലമായി സംസ്ഥാനം ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കപ്പെട്ടു. 2019 ല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പിന്നീട് ഉയര്‍ന്നു വന്നത്. പ്രതിഷേധങ്ങളെ നിയന്ത്രിക്കാനായി മാസങ്ങള്‍ നീണ്ട ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പിലാക്കിയിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെയും പൊതു പ്രതിഷേധങ്ങളെയും നിയന്ത്രിച്ച് പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു.സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടി നിരവധി വ്യക്തികളും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു.