Representational Image: PTI
പിഎഫ്‌ഐ ബന്ധം: രാജ്യത്ത് വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നാല് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തി. ബീഹാറിലെ 12 സ്ഥലങ്ങളിലും ഉത്തര്‍പ്രദേശിലെ രണ്ടു സ്ഥലങ്ങളിലും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലും ഓരോ സ്ഥലത്തുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ശ്യംഖലയെ തകര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം എന്‍ഐഎയുടെ നേതൃത്വത്തില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തി. ഒന്നിലധികം എന്‍ഐഎ ടീമുകള്‍ സംസ്ഥാന പോലീസ് സേനയുമായി ഏകോപിപ്പിച്ച് റെയ്ഡുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
2022 സെപ്തംബര്‍ 28 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അതിന്റെ എട്ട് അനുബന്ധ സ്ഥാപനങ്ങളും നിയമവിരുദ്ധ ആക്ട് 1967 പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. തീവ്രവാദ ഫണ്ടിംഗും പരിശീലനവും ഉള്‍പ്പെടെ കേന്ദ്രീകരിച്ചുള്ള നിരവധി ഭീകരതയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്.
ആഭ്യന്തര മന്ത്രാലയം പിഎഫ്‌ഐയെ നിരോധിക്കുകയും അതിന്റെ ഉന്നത നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ സംഘടന പുനഃസംഘടിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച പിഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും എന്‍ഐഎ അന്വേഷിച്ചു വരികയാണ്. എന്നാല്‍, നിരോധനം ഏര്‍പ്പെടുത്തിയിട്ടും സംഘടനയുടെ നേതാക്കള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ക്രമീകരിക്കുകയും ചെയ്യുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ നേരത്തെ രാജ്യവ്യാപകമായാണ് എന്‍ഐഎ പരിശോധന നടത്തിയത്. പിഎഫ്‌ഐയുടെ ഓഫീസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയില്‍ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറദ്ദീന്‍ എളമരം എന്നിവര്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു.
രാജ്യവ്യാപകമായി ഇത്തരമൊരു റെയ്ഡ് നടക്കുന്നത് അന്ന് ആദ്യമായായിരുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കിയായിരുന്നു റെയ്ഡ് നടന്നത്.