TMJ
searchnav-menu
post-thumbnail

TMJ Daily

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

15 Nov 2024   |   1 min Read
TMJ News Desk

ണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ആയിരിക്കും നട തുറക്കുക. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകിട്ട് 6ന് നടക്കും. തന്ത്രിമാരായ കണഠര് രാജീവ‍‍ർ, കണഠര് ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ആവും ചടങ്ങുകൾ നടക്കുക. ശബരിമല മേൽശാന്തിയായി എസ് അരുൺകുമാറും, മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും ചുമതലയേൽക്കും.

ഇത്തവണ പുല‍ർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ രാത്രി പതിനൊന്ന് മണി വരെയുമാവും ദർശന സമയം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴി ഒരു ദിവസം എഴുപതിനായിരം പേര്‍ക്കും തല്‍സമയ ബുക്കിങ്ങിലൂടെ പതിനായിരം പേര്‍ക്കും ദര്‍ശനം സാധ്യമാകും. പമ്പ എരുമേലി വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലായിരിക്കും തല്‍സമയ ബുക്കിങ്ങിന് സൗകര്യം ഉണ്ടാകുക.

തൽസമയ ബുക്കിങിനായി ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി എന്നിവയിലേതെങ്കിലും നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലായിരിക്കും ഭക്തർക്ക് പമ്പയിൽ നിന്ന് മല ചവിട്ടാൻ അനുവാദമുണ്ടായിരിക്കുക. നിലയ്ക്കലിൽ കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ 3000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാക്കിയിട്ടുണ്ട്. പമ്പയിൽ സ്ഥിരം പന്തലുകളുടെയും താത്കാലിക പന്തലുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. ചെന്നൈ-കൊല്ലം റൂട്ടിൽ നാല് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും. ഈ മാസം 19 മുതൽ ജനുവരി 19 വരെയാവും ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. കച്ചി​ഗുഡ- കോട്ടയം റൂട്ടിൽ 2 സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് തുടങ്ങിയിട്ടുണ്ട്.



#Daily
Leave a comment