PHOTO: FACEBOOK
പൈലറ്റുമാരുടെ പ്രതിഷേധം; വിസ്താര വിമാനക്കമ്പനി പ്രതിസന്ധിയില്‍, നൂറിലേറെ സര്‍വീസുകള്‍ മുടങ്ങി
പൈലറ്റുമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിസ്താര വിമാനക്കമ്പനി പ്രതിസന്ധിയില്‍. പൈലറ്റുമാരുടെ ലഭ്യതക്കുറവ് കാരണം 38 വിസ്താര വിമാനങ്ങള്‍ കൂടി ഇന്ന് രാവിലെ റദ്ദാക്കി. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നൂറിലേറെ വിമാന സര്‍വ്വീസുകളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായുള്ള പുതുക്കിയ ശമ്പളഘടനയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പൈലറ്റുമാര്‍ ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ 50 ലധികം വിസ്താര വിമാനങ്ങള്‍ റദ്ദാക്കുകയും 160 ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടത്. വിമാനത്താവളത്തിലെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനെ തുടര്‍ന്ന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ജീവനക്കാരുടെ ലഭ്യതക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വിസ്താര പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും വിസ്താരയുടെ വക്താവ് പറഞ്ഞു.
താല്‍ക്കാലികമായി വിസ്താരയുടെ വിമാന സര്‍വീസുകള്‍ കുറയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര വാഗ്ദാനം ചെയ്യുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. യാത്രയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തത്.