നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു; 18 പേര്‍ മരിച്ചു
നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് 18 പേര്‍ മരിച്ചു. ജീവനക്കാരുള്‍പ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവില്‍നിന്ന് പൊഖ്‌റയിലേക്ക് പുറപ്പെട്ട വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ചികിത്സയിലാണ്. 18 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
ടേബിള്‍ ടോപ് എയര്‍പോര്‍ട്ടാണ് ത്രിഭുവന്‍. ഇവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. അപകടത്തിന് ശേഷം വിമാനത്തില്‍ നിന്ന് പുക ഉയർന്നു. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസ് ഉദ്യോഗസ്ഥരെയും ഫയര്‍ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.