TMJ
searchnav-menu
post-thumbnail

TMJ Daily

അഞ്ചുപേരെ കൊല്ലാന്‍ പദ്ധതിയിട്ടു; ചെന്താമരയുടെ മൊഴി

29 Jan 2025   |   1 min Read
TMJ News Desk

ഞ്ചുപേരെ കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും അതില്‍ രണ്ടുപേരെ മാത്രമേ ഇപ്പോള്‍ കൊലപ്പെടുത്തിയിട്ടുള്ളൂവെന്നും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഇന്നലെ രാത്രിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അഞ്ച് വര്‍ഷം മുമ്പ് നെന്മാറയില്‍ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര ആ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അയാളുടെ അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.

സുധാകരനുമായി തലേദിവസം തര്‍ക്കമുണ്ടായതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. അതിനാല്‍ സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചുവെന്നും പ്രതി മൊഴി നല്‍കി.

പോത്തുണ്ടി വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ഭക്ഷണം കിട്ടാതെ വിശന്ന് കാടിറങ്ങി ഭക്ഷണം തേടി വന്നപ്പോഴാണ് രാത്രി 10 മണിയോടെ പൊലീസിന്റെ പിടിയിലായത്.

ചെന്താമരയെ എസ് പി ചോദ്യം ചെയ്തശേഷം ഇന്ന് വൈകിട്ടോടെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. തുറന്ന കോടതിയില്‍ ഹാജരാക്കാതെ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി പൊലീസ് ചെന്താമരയുടെ വൈദ്യ പരിശോധന നടത്തി. ഇയാളുടെ വീട്ടില്‍ നിന്നും വിഷക്കുപ്പി പൊലീസ് നേരത്തെ കണ്ടെത്തിയതിനാല്‍ ഇയാള്‍ വിഷം കഴിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പ്രതി വിഷമൊന്നും കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം, ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ എത്തിയത് കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാതിരുന്നതിന് നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം മഹേന്ദ്ര സിംഹനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മഹേന്ദ്ര സിംഹനെ ഉത്തരമേഖലാ ഐജി സസ്‌പെന്‍ഡ് ചെയ്തത്.

ഇന്നലെ രാത്രി പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ജനക്കൂട്ടം ആക്രമിക്കാന്‍ ഒരുങ്ങി. പൊലീസ് സ്റ്റേഷന്റെ ഗേറ്റും വാതിലും അടച്ചപ്പോള്‍ ജനം ഗേറ്റ് തകര്‍ത്ത് അകത്തെത്തി. ഇതോടെ പൊലീസ് ലാത്തിവിശീയിരുന്നു.





#Daily
Leave a comment