TMJ
searchnav-menu
post-thumbnail

TMJ Daily

എഐ മൂലമുള്ള തൊഴില്‍ നഷ്ടം നികത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി

24 Mar 2025   |   2 min Read
TMJ News Desk

സംസ്ഥാനത്ത് നിര്‍മ്മിത ബുദ്ധി നയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇതിന്റെ കരട് രൂപം തയ്യാറായി വരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സോഫ്റ്റ് വെയര്‍ നിര്‍മ്മാണം, വിവരസഞ്ചയ നിര്‍മ്മാണം, ഇന്നൊവേഷന്‍ സെന്ററുകള്‍, നൈപുണ്യ വികസനം, നിര്‍മ്മിത ബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ഈ നയത്തിന്റെ ഭാഗമാക്കും.

നിര്‍മ്മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ വ്യാപനം മൂലം സംസ്ഥാനത്ത് ഉണ്ടാകുന്ന തൊഴില്‍നഷ്ടം നികത്താനുള്ള പദ്ധതികളും നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളെയും അത് ഉയര്‍ത്തുന്ന വെല്ലുവിളികളെയും മനസ്സിലാക്കികൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ മേഖലയില്‍ ഗൗരവമായ ഗവേഷണങ്ങള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്നു.

നിലവിലെ വിവര സാങ്കേതിക വിദ്യ സേവന മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടുകൊണ്ട് പുതിയ തലമുറ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും ഐസിഫോസും ഈ ലക്ഷ്യത്തോടെ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍, സര്‍വ്വകലാശാലകളില്‍ പരിശീലന പദ്ധതികള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഗ്രീഡിയന്‍സ് ഡാറ്റാ സയന്‍സ് തുടങ്ങിയ നൂതന കോഴ്‌സുകള്‍ സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നു.

നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി പ്രധാനപ്പെട്ട പദ്ധതികള്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്തും. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ്, അനിമേഷന്‍,  വിഷ്വല്‍ എഫക്ട്, ഗെയ്മിംഗ്, കോമിക്‌സ് എന്നീ മേഖലകളില്‍ കടന്നുവരുന്ന ഡീപ് ടെക് സംരംഭകര്‍ക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കും. ഇതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചു.

സമസ്ത മേഖലകളിലും നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഏജന്റിക് നിര്‍മ്മിത ബുദ്ധി. ദേശീയ തലത്തില്‍ ഒരു ഏജന്റിക് ഹാക്കത്തോണ്‍ സംഘടിപ്പിക്കാനും തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് ഏജന്റുകള്‍ നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ വീതം നല്‍കുന്നതിനുമായി സ്റ്റാര്‍ട്ടപ്പ് മിഷന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൃഷി/ഭക്ഷ്യ സംസ്‌കരണം, ബഹിരാകാശ/ പ്രതിരോധ മേഖലകള്‍, ആരോഗ്യമേഖല, ലൈഫ് സയന്‍സ്, ഡിജിറ്റല്‍ മീഡിയ/ പുത്തന്‍ വിനോദോപാധികള്‍, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ രംഗങ്ങളില്‍ നവീന സാങ്കേതിക വിദ്യകളുടെ (നിര്‍മ്മിതബുദ്ധി ഉള്‍പ്പെടെ) സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എമേര്‍ജിംഗ് ടെക്‌നോളജി ഹബ്ബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഹബ്ബ് പ്രവര്‍ത്തിക്കുക. ഏകദേശം 350 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സേവനങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മ്മിത ബുദ്ധി മാതൃകകള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം പുതിയ മേഖലകളില്‍ പുനര്‍വിന്യസിക്കാനും ശ്രമങ്ങള്‍ നടത്തും.

നിര്‍മ്മിത ബുദ്ധിയുടെ വര്‍ദ്ധിച്ച ഉപയോഗം മൂലം പുതിയ തൊഴിലവസരങ്ങള്‍ കൂടുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടും ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കുന്നതിനുമായി വിവിധ പോസ്റ്റ് ഗ്രാഡ്വേറ്റ് പ്രോഗ്രാമുകള്‍ക്ക് പുറമെ കമ്മ്യൂണിറ്റി എഡ്യൂക്കേഷന്‍ പരിപാടികള്‍ ആരംഭിച്ചു.

യൂണിവേഴ്‌സിറ്റിയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകര്‍ക്കായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു.

നിര്‍മ്മിത ബുദ്ധി മേഖലയിലെ ഗവേഷണങ്ങളുടെ ഫലപ്രദമായി ഉരുത്തിരിഞ്ഞുവരുന്ന പ്രോട്ടോടൈപ്പുകള്‍ വാണിജ്യ അടിസ്ഥാനത്തില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യൂറോപ്യന്‍ നിര്‍മ്മിത ബുദ്ധിയുടെ ചുവടുപിടിച്ച് ഉത്തരവാദിത്ത നിര്‍മ്മിത ബുദ്ധി നയ രൂപീകരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ ആസ്ഥാനമായ എന്‍വിഡിയ കമ്പനിയുടെ സഹായത്തോടെ സ്മാള്‍ ലാംഗ്വേജ് മോഡലുകളില്‍ ഗവേഷണങ്ങള്‍ നടത്തിവരുന്നു.

നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലെ വികാസത്തിലൂടെ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്ന നാനാതരം മാറ്റങ്ങളെയും വെല്ലുവിളികളെയും സമഗ്രമായി അപഗ്രഥിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്തി.





 

#Daily
Leave a comment