TMJ
searchnav-menu
post-thumbnail

TMJ Daily

ദുരിതാശ്വാസ നിധി വകമാറ്റല്‍: ഹര്‍ജി തള്ളി ലോകായുക്ത

13 Nov 2023   |   2 min Read
TMJ News Desk

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. അഴിമതിക്ക് തെളിവില്ലെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. ലോകായുക്ത ഫുള്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത വിധി പ്രസ്താവിച്ചത്. മൂന്നുലക്ഷം രൂപവരെ നല്‍കാന്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭാ അംഗീകാരം വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അതു പാലിച്ചിട്ടുണ്ടെന്നും ലോകായുക്ത പറഞ്ഞു. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. 

ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലേക്ക്

ലോകായുക്ത ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. വിധി തിരിച്ചടിയായി തോന്നുന്നില്ല. പ്രതീക്ഷിച്ച വിധിയാണ് ഇത്. ജഡ്ജിമാര്‍ക്ക് പുതിയ ലാവണങ്ങളിലേക്ക് പോകണമെങ്കില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുക്കണമെന്നും ശശികുമാര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവത്തില്‍ കെടി ജലീലിന്റെ കേസിനേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുമായി ബന്ധമുള്ള ജഡ്ജിമാരില്‍ നിന്നും തലയില്‍ മുണ്ടിട്ടുകൊണ്ട് ഇഫ്താര്‍ വിരുന്നിന് പോയ ന്യായാധിപന്മാരില്‍ നിന്നും സമൂഹം നീതി പ്രതീക്ഷിക്കേണ്ടെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. വിധി പറഞ്ഞ മൂന്നു ജഡ്ജിമാരും സ്വാധീനിക്കപ്പെട്ടു. ലോകായുക്ത മുട്ടില്‍ ഇഴയുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളതെന്നും ശശികുമാര്‍ പരിഹസിച്ചു. 

തുക തിരിച്ചുപിടിക്കണം 

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയറായി ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയതും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

2018 സെപ്തംബര്‍ ഏഴിനാണു തിരുവനന്തപുരം നേമം സ്വദേശി ആര്‍എസ് ശശികുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്. ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2023 മാര്‍ച്ച് 31 ന് വിഷയം ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.


#Daily
Leave a comment