TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

മോദിയുടെ അമേരിക്കൻ സന്ദർശനം; സാങ്കേതിക വിദ്യ കൈമാറ്റത്തിന് തീരുമാനം, നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ

24 Jun 2023   |   2 min Read
TMJ News Desk

ന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം പൂർത്തിയായി. സന്ദർശനത്തിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിൽ നയതന്ത്രതലത്തിൽ സുപ്രധാന കരാറുകളിൽ പങ്കാളികളായി ബന്ധം പുതുക്കിയിരിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം ആരംഭിച്ചെന്നും ഈ പുതിയ ബന്ധം മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് എന്നിവയ്ക്കായുള്ള സഹകരണത്തെക്കുറിച്ചാണെന്നും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇൻഡോ പസഫിക് മേഖലയിലെ ചൈനീസ് യുദ്ധത്തെക്കുറിച്ചുള്ള പരോക്ഷ പരാമർശത്തിൽ മേഖലയുടെ സ്ഥിരത നിലനിർത്തുന്നതിന് അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും നരേന്ദ്ര മോദി പരാമർശിച്ചു.

പുതിയ പ്രഖ്യാപനങ്ങൾ

പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജനറൽ ഇലക്ട്രിക് എയ്‌റോസ്‌പേസും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും തമ്മിലുളള മെഗാ ഡീൽ പ്രഖ്യാപിച്ചു. തദ്ദേശീയമായ കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എംകെ2 ജിഇയുടെ എഫ് 414 എൻജിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ജെറ്റ് എഞ്ചിനുകൾ കൂടാതെ, ഡ്രോണുകൾ വാങ്ങുന്നതിനുള്ള ഡീലുകൾ, ബഹിരാകാശ ദൗത്യം, ഇന്ത്യയിൽ ചിപ്പുകൾ നിർമ്മിക്കൽ എന്നിവയും പ്രഖ്യാപനത്തിലുണ്ട്. ബഹിരാകാശത്ത് മനുഷ്യനെ അയക്കാൻ സഹകരണം, ജോൺസൺ സ്‌പേസ് സെന്ററിൽ ഇന്ത്യൻ ബഹിരാകാശയാത്രികർക്ക് പരിശീലനം, ബഹിരാകാശ സാങ്കേതികവിദ്യ കൈമാറ്റ നിയന്ത്രണത്തിൽ ഇളവ് തുടങ്ങി സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. 2023 ൽ ഇന്ത്യൻ റെയിൽവേയെ സീറോ എമിഷൻ സംവിധാനമാക്കാൻ സാങ്കേതിക സഹകരണത്തിനും രാജ്യാന്തര ഊർജ ഏജൻസിയിൽ ഇന്ത്യയ്ക്ക് അംഗത്വം നല്കുന്നതിനുള്ള സഹായത്തിനും ധാരണയായി. പകരമായി 2024 ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്താനും സൗത്ത് ചൈന കടലിൽ ചൈനയ്‌ക്കെതിരെയുള്ള യുഎസ് നടപടികളുമായി കൂടുതൽ സഹകരിക്കാനും തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി കമ്പനികൾ

സന്ദർശനത്തിന്റെ ഭാഗമായി മോദി അമേരിക്കൻ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ ദിനത്തിൽ ടെസ്ല സിഇഒ ഇലോൺ മസ്‌കുമായി സംവദിച്ചു. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ താൻ ആവേശഭരിതനാകുന്നുവെന്നും മസ്‌ക് പറഞ്ഞു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകൾ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നിക്ഷേപങ്ങളെത്തിക്കാൻ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ടെസ്ല നിക്ഷേപത്തിനൊരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു. തുടർന്ന്, വാഷിങ്ടൺ ഡിസിയിൽ, ഗൂഗിൾ സിഇഒ സൂന്ദർ പിച്ചൈയുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ ഗൂഗിൾ 10 ബില്യൺ ഡോളർ നിക്ഷേപിക്കുകയും ഗുജറാത്തിൽ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.

പിച്ചൈയെ കൂടാതെ ആമസോൺ സിഇഒ ആൻഡ്രൂ ജാസി, ബോയിങ് മേധാവി ഡേവ് കാൽഹൂൺ ആയും ചർച്ച നടത്തി. ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചെറുകിട ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായിക്കുന്നതിനുമുള്ള തീരുമാനം ആമസോൺ സിഇഒയും, രാജ്യത്തിന്റെ വ്യോമയാന ബഹിരാകാശ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെപ്പറ്റി ബോയിങ് മേധാവിയും അഭിപ്രായപ്പെട്ടു.

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും നരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

പ്രധാനമന്ത്രിയായി ഏഴ് തവണ മോദി അമേരിക്കയിൽ എത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇത് ആദ്യ സന്ദർശനമാണ്. സാങ്കേതികവിദ്യകൾ പങ്കിടുന്നതിനുള്ള മുൻകൈയാണ് ഇതിന്റെ പ്രധാന ഘടകമായി മാറുന്നത്. ദ്വിദിന സന്ദർശനത്തിനായി ഈജിപ്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി ചർച്ചകൾ നടത്തും. ഈജിപ്തിലെ ആയിരം വർഷം പഴക്കമുള്ള അൽ-ഹക്കീം മസ്ജിദ് സന്ദർശിക്കും.


#Daily
Leave a comment