TMJ
searchnav-menu
post-thumbnail

TMJ Daily

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; എട്ട് ബിഷപ്പുമാരുമായി കൂടിക്കാഴ്ച 

23 Apr 2023   |   2 min Read
TMJ News Desk

ണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴു മണിക്ക് കൊച്ചിയിലെ വെല്ലിങ്ങ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വിവിധ സഭകളിലെ എട്ട് ബിഷപ്പുമാരുമായാണ് കൂടിക്കാഴ്ച.

സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളിമിസ് കാതോലിക്ക ബാവ, ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത, കോട്ടയം ക്‌നാനായ സഭാധ്യക്ഷന്‍ ബിഷപ്പ് മാത്യു മൂലക്കാട്ട്, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായ സുറിയാനി സഭാ മേധാവി മാര്‍ ഔജിന്‍ കുര്യാക്കോസ്, ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ചിങ്ങവനം ക്‌നാനായ സഭാ മേധാവി കുര്യാക്കോസ് മാര്‍ സേവറിയൂസ്, സീറോ മലങ്കര സഭ കര്‍ദിനാള്‍ മാര്‍ ക്‌ളിമ്മീസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

എട്ട് സഭാധ്യക്ഷന്മാരും ബിജെപിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച് ഡോ. കെ.എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ സംബന്ധിക്കും.

പ്രധാനമന്ത്രിക്കായി ഒരുങ്ങി കൊച്ചി

സുരക്ഷാ ഭീഷണികള്‍ക്കിടെയാണ് പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ എത്തുന്നത്. നാളെ വൈകിട്ട് സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്കുശേഷം ബിജെപിയുടെ 'യുവം 2023' പരിപാടിയില്‍ മോദി പങ്കെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

നാളെ വൈകിട്ട് അഞ്ചുമണിക്കാണ് പ്രധാനമന്ത്രി കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്നത്. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാടിയില്‍ യുവാക്കളുമായി സംവദിക്കും.

ഒരു ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് താരം ജഡേജ, കന്നഡ താരം യാഷ് എന്നിവരും അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയും പരിപാടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ മാത്രം 2,500 ലധികം പോലീസുകാരെയാണ് വിന്യസിക്കുന്നത്.

നഗരത്തിലും ദേശീയപാതയിലും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്കുശേഷവും 25 നു രാവിലെയും തേവര, തേവര ഫെറി, എം.ജി റോഡ്, ഐലന്റ്, ബിഒടി ഈസ്റ്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 24 നു വൈകിട്ട് നാലു മുതല്‍ ഗതാഗത നിയന്ത്രണം ആരംഭിക്കും. പോലീസ് റൂറല്‍ ജില്ലയിലും നിയന്ത്രണമുണ്ട്. 24 നു വൈകിട്ട് 4.30 മുതല്‍ ദേശീയപാതയില്‍ കറുകുറ്റി മുതല്‍ മുട്ടം വരെ വലിയ വാഹനങ്ങള്‍ക്കു പ്രവേശനമില്ല. 25 നു രാവിലെ ഒമ്പതു മുതല്‍ 11 വരെയും വലിയ വാഹനങ്ങള്‍ക്കു ഇവിടെ നിയന്ത്രണമുണ്ടാകും. റോഡരികില്‍ വാഹന പാര്‍ക്കിങ്ങും അനുവദിക്കുകയില്ല.


#Daily
Leave a comment