
ജി20 യിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോഡി ബ്രസീലിൽ
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസീലിൽ എത്തി. 19-ാമത് ജി 20 ഉച്ചകോടിയിൽ മോഡി ട്രോയിക്ക അംഗമായി പങ്കെടുക്കും. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജി20 ട്രോയിക്കയുടെ ഭാഗമാണ് ഇന്ത്യയും. നവംബർ 18,19 തീയ്യതികളിലായാണ് റിയോ ഡി ജനീറോയില്‍ ഉച്ചകോടി നടക്കുന്നത്. മോഡിക്കൊപ്പം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കും.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിച്ചേർന്ന പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായുള്ള ഫലപ്രദമായ ചർച്ചകൾക്ക് കാത്തിരിക്കുകയാണ്' എന്ന് ബ്രസീലിലേക്ക് എത്തിയതിന് പിന്നാലെ മോഡി എക്‌സില്‍ അറിയിച്ചു.
ഉച്ചകോടിക്ക് ശേഷം നവംബർ 19 മുതൽ 21 വരെ മോഡി ഗയാന സന്ദർശിക്കും. പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദര്‍ശനം. 50 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. നൈജീരിയയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോഡി ബ്രസീലിലെത്തിയത്. നൈജീരിയന്‍ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവുമായും നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മോഡി സംവദിച്ചിരുന്നു.
മോഡിക്ക് ,ദേശീയ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) നൽകി നൈജീരിയ ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വ്യക്തിയാണ് മോഡി. എലിസബത്ത് രാജ്ഞി II ആണ് പുരസ്‌കാരം ലഭിച്ച മറ്റൊരു വിദേശി. 17 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ പശ്ചിമാഫ്രിക്കൻ രാജ്യം സന്ദർശിക്കുന്നത്.