TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ബ്രിക്‌സ് ഉച്ചകോടി ഓഗസ്റ്റ് 22 ന്; പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

19 Aug 2023   |   1 min Read
TMJ News Desk

15-ാം മത് ബ്രിക്‌സ് ഉച്ചകോടി ഈ മാസം 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നടക്കും. 2019 ന് ശേഷം നേരിട്ടുള്ള ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണിത്. 2022 ലെ ബ്രിക്‌സ് ഉച്ചകോടി ചൈനയുടെ ആതിഥേയത്വത്തില്‍ ജൂണില്‍ വെര്‍ച്വലായിട്ടാണ് ചേര്‍ന്നത്. 

ബ്രിക്‌സ് സംരംഭങ്ങളുടെ പുരോഗതി, അവലോകനം, ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും ചര്‍ച്ചാവിഷയമായേക്കുമെന്നാണ് സൂചന. 

പുടിന്‍ പങ്കെടുക്കുക ഓണ്‍ലൈനായി 

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. ലോകത്തിലെ 41 ശതമാനം ജനസംഖ്യ ഈ രാജ്യങ്ങളിലാണ്. ആഗോള ജിഡിപിയുടെ 24 ശതമാനവും വ്യാപാരത്തിന്റെ 16 ശതമാനവും ഉള്‍ക്കൊള്ളുന്നത് ബ്രിക്‌സിന് അവകാശപ്പെടാനാകും. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഓണ്‍ലൈനായാണ് ഉച്ചകോടിയില്‍ സംബന്ധിക്കുക. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ മറ്റു ബ്രിക്‌സ് നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. ഉച്ചകോടിയോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതല്‍ 23 വരെ ബ്രിക്‌സ് വ്യാപാരമേളയും നടക്കും. അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും വ്യവസായ പ്രമുഖരും സംബന്ധിക്കും. വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബിസിനസ് ടു ബിസിനസ് ആശയവിനിമയത്തിനും വേദിയൊരുക്കും. 

40 വര്‍ഷത്തിനുശേഷമുള്ള ഗ്രീസ് സന്ദര്‍ശനം

ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ് ബര്‍ഗില്‍വച്ച് വിവിധ രാഷ്ട്രതലവന്മാരുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിലും പ്രധാനമന്ത്രി സംബന്ധിക്കും. കൂടാതെ ഗ്രീസ് സന്ദര്‍ശനവും നടത്തും. 25 നാണ് ഗ്രീസില്‍ ഔദ്യോഗിക സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. വ്യവസായ പ്രമുഖന്മാരുമായും ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശനം നടത്തുന്നത്.

#Daily
Leave a comment