
പിഎം ശ്രീ വിഷയത്തിൽ ധാരണയായി
പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിനെ തുടർന്ന് സിപിഐഎമ്മും സിപിഐയും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് പദ്ധതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് എകെജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ പദ്ധതിയിൽ നിന്നും പിന്മാറാൻ ധാരണയായതായി ന്യൂസ് മലയാളം 24/7 റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരുമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തിയത്.
വിഷയം പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും ധാരണയായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തർക്കങ്ങൾക്ക് പരിഹാരം ആയതിനാൽ ഇന്ന് ഉച്ച കഴിഞ്ഞ് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും.
എന്നാൽ പിഎം ശ്രീ കരാർ റദ്ദാക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനുമാണെന്ന് ധാരണ പത്രത്തിൽ പറയുന്നു. കരാറിൽ വിയോജിപ്പുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്ക് അറിയിക്കാം. കരാർ നിബന്ധനകളിൽ മാറ്റം വരുത്താൻ ഇരുകക്ഷികളുടെയും സമ്മതം വേണമെന്നും ഇതിൽ പറയുന്നു.


