
പിഎം ശ്രീ: സംസ്ഥാന സര്‍ക്കാരിന് വിയോജിപ്പ് ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വിയോജിപ്പുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതിന്റെ പേരില്‍ തടഞ്ഞുവച്ചിരിക്കുന്ന ഫണ്ട് ലഭിക്കാന്‍ നിയമ പോരാട്ട സാധ്യതയാണ് തേടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സമാനമായ പ്രശ്‌നം അനുഭവിക്കുന്ന തമിഴ്‌നാടുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാടുകള്‍ ജനത്തെ ബോധ്യപ്പെടുത്താന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയെന്നതാണ് പ്ലാന്‍ ബിയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ച് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് നടപ്പിലാക്കും. പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശേഖരിച്ചും കാലാനുസൃത മാറ്റങ്ങളുടെ അടിസ്ഥാനത്തിലും ഉള്ളടക്കത്തില്‍ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷത്തില്‍ കൂടുതല്‍ ഒരേ പുസ്തകം പഠിപ്പിക്കുന്ന രീതി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരന്തര മൂല്യനിര്‍ണയം കൂടുതല്‍ ഗൗരവത്തോടെ ഈ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ നടപ്പിലാക്കുമെന്നും അവധിക്കാല പരിശീലനത്തില്‍ അധ്യാപകരെ ഇത് പരിചയപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
പത്രവായനയ്ക്ക് ഉള്‍പ്പെടെ നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി മാര്‍ക്ക് നല്‍കുന്നതിനുള്ള മാര്‍ഗരേഖയും തയ്യാറാക്കി. എല്ലാ കുട്ടികളേയും പരിഗണിക്കുന്ന തരത്തിലുള്ള മൂല്യനിര്‍ണയ പരിഷ്‌കരണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


