ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ | PHOTO: WIKICOMMONS
പിഎംഎല്‍എ; നീതിയുക്തമായി ഉപയോഗിച്ചില്ലെങ്കില്‍ രാജ്യത്തിന് ദോഷമെന്ന് സുപ്രീംകോടതി ജഡ്ജി
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) നീതിയുക്തമായി ഉപയോഗിച്ചില്ലെങ്കില്‍ രാജ്യത്തിന് ദോഷമുണ്ടാക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കുറിച്ച് മോശം തോന്നല്‍ സൃഷ്ടിക്കുമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. പിഎംഎല്‍എ നിയമത്തെക്കുറിച്ച് അഡ്വ അഖിലേഷ് ദുബെ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് നിയമം ദുരുപയോഗം ചെയ്താലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ജസ്റ്റിസ് ഭുയാന്‍ സംസാരിച്ചത്.
കുറ്റകൃത്യങ്ങളിലൂടെയുള്ള പണം തടയാനുള്ള നിയമമാണ് പിഎംഎല്‍എ. കള്ളപ്പണം ഇല്ലാതാക്കേണ്ടതാണ്. എന്നാല്‍ നിയമത്തിന്റെ അമിതോപയോഗവും ദുരുപയോഗവും രാജ്യത്തിന് ഗുണകരമല്ല. നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഉപയോഗിച്ചില്ലെങ്കില്‍ ഇ ഡി ക്ക് തന്നെ പേരുദോഷം ഉണ്ടാകുമെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു. പിഎംഎല്‍എ യുടെ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതികള്‍ സൂക്ഷ്മമായി പരിശോധിക്കാറുണ്ടെന്നും അനീതി നടക്കുന്നില്ലായെന്ന് ഉറപ്പാക്കാനാണിതെന്നും ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് വ്യത്യസ്ത പാര്‍ട്ടികളാകുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ക്ക് ചില മാനദണ്ഡങ്ങള്‍ ഉണ്ടാകേണ്ടതാണെന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണവും ജസ്റ്റിസ് ഭുയാന്‍ ചൂണ്ടിക്കാട്ടി. ഇ ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന പ്രതിപക്ഷനേതാക്കളുടെ ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭുയാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.