PHOTO: PTI
സുര്‍ജിത് ഭവനില്‍ പോലീസ് നടപടി; ജി 20 വിരുദ്ധ സെമിനാര്‍ തടഞ്ഞു
ഡല്‍ഹിയിലെ സിപിഎം പഠന കേന്ദ്രമായ സുര്‍ജിത് ഭവന്‍ പോലീസ് അടപ്പിച്ചു. ജി 20 ക്കെതിരെ ട്രേഡ് യൂണിയനുകളും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് സംഘടിപ്പിച്ച വി 20 പരിപാടിക്കെതിരെയാണ് നടപടി. പരിപാടിക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പോലീസിന്റെ നടപടി.
ഓഫീസിന്റെ ഗേറ്റുകള്‍ പൂട്ടിയ പോലീസ് അകത്തേക്കും പുറത്തേക്കും ആരെയും കടത്തിവിട്ടില്ല. ഡല്‍ഹി പോലീസിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സേന ഓഫീസിനു ചുറ്റും ബാരിക്കേഡുകളും സ്ഥാപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഡിസിപിയെ കാണുമെന്ന് സിപിഐഎം പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയുമായി മുന്നോട്ടുപോകും
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വെള്ളിയാഴ്ച പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടി ആയതിനാല്‍ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും പരിപാടിയുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.
ജി 20 യിലും മറ്റ് ആഗോള ഫോറങ്ങളിലും അവകാശപ്പെടുന്നതുപോലെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിലും പരിസ്ഥിതി, ജൈവവൈവിധ്യം, അനുബന്ധ മനുഷ്യാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിലും മോദി ഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ടോ? എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടത്തിയത്. നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.
നടപടിക്കെതിരെ നേതാക്കള്‍
ഈ വ്യവസ്ഥിതി എന്തിനെയാണ് ഭയക്കുന്നത്? അടച്ചിട്ട ഹാളുകളിലെ ജനാധിപത്യ യോഗങ്ങള്‍ പോലും നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുകയാണോ? സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ ചോദിച്ചു. പോലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പോലീസ് നീക്കമെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
സുര്‍ജിത് ഭവനില്‍ ഉണ്ടായ പോലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. ഒരു ഹാളിനുള്ളില്‍ നടക്കുന്ന യോഗത്തിന് പോലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങള്‍ക്കാണ് പോലീസ് അനുമതി വാങ്ങേണ്ടത്. വിമര്‍ശനങ്ങളെ ഭയപ്പെടുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാന്‍ ശ്രമിക്കുന്നതാണിത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷ-ജനാധിപത്യ- മതേതര-സ്വതന്ത്ര ചിന്താഗതിക്കാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശബ്ദത്തെ അടിച്ചമര്‍ത്താനും ചലനങ്ങളെ ചങ്ങലയ്ക്കിടാനുമാണ് നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പോലീസ് ശ്രമിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല എന്ന കാര്യം ആര്‍എസ്എസുകാരെ അറിയിക്കുന്നതായും എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.