REPRESENTATIONAL IMAGE
ലോണ്‍ ആപ്പുകള്‍ക്കെതിരെ പോലീസ്; 72 സൈറ്റുകള്‍ക്ക് നോട്ടീസ്
ഓണ്‍ലൈന്‍ ഭീഷണികളിലൂടെ ജനത്തെ ചതിക്കുഴിയില്‍ അകപ്പെടുത്തുന്ന വായ്പാ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേരള പോലീസ്. 72 ഓണ്‍ലൈന്‍ ലോണ്‍ വെബ്‌സൈറ്റുകളും ആപ്പുകളും പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ന്‍ രജിസ്ട്രാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി. സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്പിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
അതിവേഗ വായ്പ വാഗ്ദാനം ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളക്കം തട്ടിയെടുത്തശേഷം മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് പോലീസിന്റെ നടപടി. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വേഗത്തില്‍ പണം ലഭിക്കുന്നതിനാണ് പലരും ഇത്തരം ലോണ്‍ ആപ്പുകളെ സമീപിക്കുന്നത്. നാലായിരത്തോളം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും ഫോണുകളില്‍ മെസേജുകളായുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ആവശ്യക്കാരെ തേടിയെത്തുന്നത്.
ജീവനെടുക്കുന്ന ആപ്പുകള്‍
വായ്പയെടുക്കുന്നവരെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ മരണത്തിലേക്ക് തള്ളിവിടുകയാണ് പതിവ്. നിരവധി ആത്മഹത്യകള്‍ നടന്ന പശ്ചാത്തലത്തിലാണ് വായ്പ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. വായ്പ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബവും വയനാട്ടില്‍ ഒരു യുവാവും ആത്മഹത്യ ചെയ്തിരുന്നു. ഇതിനുമുമ്പും വായ്പ ആപ്പുകാരുടെ മാനസിക പീഡനങ്ങളെ തുടര്‍ന്ന് കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധിപേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന ബിസിനസ്സ് കേന്ദ്രം ഇന്ത്യയാണ്. കോടികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്നും സമ്പാദിക്കുന്നത്.
കടിഞ്ഞാണിടാന്‍ കേന്ദ്രവും
രാജ്യത്ത് ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണത്തിനായി നിയമനിര്‍മാണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഇതിനായി ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ 94 ചൈനീസ് ലോണ്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ഐടി നിയമത്തിലെ സെക്ഷന്‍ 19 എ പ്രകാരമായിരുന്നു നടപടി.