TMJ
searchnav-menu
post-thumbnail

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് | Photo: PTI

TMJ Daily

ബ്രിജ് ഭൂഷന്റെ വീട്ടിലെത്തി പൊലീസ്; ബന്ധുക്കളെയും ജീവനക്കാരെയും ചോദ്യം ചെയ്തു

06 Jun 2023   |   2 min Read
TMJ News Desk

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി ലോക്‌സഭാ എംപിയുമായ ബ്രിജ് ഭൂഷന്റെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയില്‍ ഡല്‍ഹി പൊലീസ് എത്തി ജീവനക്കാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് പൊലീസ് എത്തിയതെന്നാണ് സൂചന. മൊഴി നല്‍കിയവരുടെ പേരു വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പൊലീസ് ശേഖരിച്ചു. ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. 

പോക്‌സോ കേസ് അട്ടിമറിക്കപ്പെടുന്നോ?

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നല്‍കിയ ആദ്യമൊഴി പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തിതാരം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം പതിനേഴുകാരി മജിസ്‌ട്രേറ്റിനു മുന്നില്‍ പുതിയ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. പുതിയ മൊഴി കോടതി പരിശോധിക്കും. ബ്രിജ് ഭൂഷണെതിരായി ഏതൊക്കെ കുറ്റങ്ങള്‍ ചുമത്താനാകുമെന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനമെടുക്കും. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബം വാര്‍ത്തയോട് പ്രതികരിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെയ് 10 നാണ് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരം മജിസ്‌ട്രേറ്റിന് മുമ്പാകെ ആദ്യ മൊഴി രേഖപ്പെടുത്തിയത്. ഇൗ എഫ്‌ഐആര്‍ പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ കര്‍ശനമായി സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തിലെ സെക്ഷന്‍ 10, ഐപിസി സെക്ഷന്‍ 354 (സ്ത്രീയെ ബലപ്രയോഗത്തിലൂടെ അപമാനിക്കുക), 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നിവ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ കേസെടുത്തിരിക്കുന്നത്. 

ഫോട്ടോ എടുക്കാന്‍ കൂടെ നിര്‍ത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്രിജ് ഭൂഷണ്‍ സ്പര്‍ശിച്ചുവെന്നും ബലമായി ചേര്‍ത്ത് നിര്‍ത്തിയെന്നുമായിരുന്നു ആരോപണം. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവിന്റെ പരാതിയില്‍ ഏപ്രില്‍ 28 ന് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ മറ്റൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തില്‍ അത്ഭുതപ്പെടാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ അറസ്റ്റ് വൈകുന്നത് പരാതിക്കാരിയെ സമ്മര്‍ദത്തിലാക്കും. കരിയറിനെയും ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് മൊഴിമാറ്റത്തിന് പലപ്പോഴും പ്രേരകമാകുന്നതെന്നും അവര്‍ വ്യക്തമാക്കി. 

2023 ജനുവരി 18 നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. മൂന്നു ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി ഇടപെടലോടെയാണ് പരാതിയില്‍ കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായത്. 

മെയ് 28 ന് ദില്ലിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ സമരം ചെയ്ത ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് സമരവേദി പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടനാ നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. 

ജോലി കാണിച്ച് ഭയപ്പെടുത്തേണ്ട 

ശനിയാഴ്ച അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താരങ്ങള്‍ തിങ്കളാഴ്ച ജോലിയില്‍ തിരികെ പ്രവേശിച്ചു. കൂടിക്കാഴ്ചയില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായാണ് വിവരം. താരങ്ങള്‍ ജോലിയില്‍ തിരികെ കയറിയതോടെ സമരത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, വാര്‍ത്തയ്‌ക്കെതിരെ താരങ്ങള്‍ രംഗത്തുവന്നു. 'തങ്ങളുടെ മെഡലുകള്‍ക്ക് 15 രൂപ മാത്രമാണ് വിലയെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ജോലിക്കു പുറകെയാണ്. ജീവിതം തന്നെ അപകടത്തിലാണ്. അവിടെ ജോലി വളരെ ചെറിയ കാര്യമാണ്. നീതി നേടാനുള്ള വഴിയില്‍ ജോലി ഒരു തടസ്സമായാല്‍ അതുപേക്ഷിക്കാന്‍ ഒരു നിമിഷംപോലും വൈകില്ല. ജോലി കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട' സാക്ഷി മാലിക് ട്വിറ്ററില്‍ കുറിച്ചു.


#Daily
Leave a comment