TMJ
searchnav-menu
post-thumbnail

TMJ Daily

അമൽ ജ്യോതിയിലെ പ്രതിഷേധം; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

09 Jun 2023   |   2 min Read
TMJ News Desk

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ചീഫ് വിപ്പ് എൻ ജയരാജൻ, ഡി വൈ എസ് പി അനിൽ കുമാർ, എസ്‌ ഐ കെ വി രാജേഷ് കുമാർ എന്നിവരെ തടഞ്ഞു എന്ന് കാണിച്ചാണ് പൊലീസ് സ്വമേധയ കേസെടുത്തത്. കേസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ടാലറിയുന്ന 50 വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. എന്നാൽ വിദ്യാർത്ഥികൾ തന്നെ തടഞ്ഞിട്ടില്ലെന്ന് എൻ ജയരാജൻ പ്രതികരിച്ചു.

സഹപാഠിയുടെ മരണം ഉണ്ടാക്കിയ ആഘാതത്തിലാണ് വിദ്യാർത്ഥികൾ മോശമായി പെരുമാറിയത്, അവർക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് ഉറപ്പു നൽകിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് കോളേജിലെത്തി വിദ്യാർത്ഥികളുടേയും ജീവനക്കാരുടേയും മൊഴിയെടുക്കും. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ വാർഡനെ മാറ്റും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണവും അന്വേഷണവും ആവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പെന്നു കരുതി പൊലീസ് കണ്ടെത്തിയ കുറിപ്പ് 2022 ൽ എഴുതിയതെന്ന് കുടുംബം വ്യക്തമാക്കി. 2022 ഒക്ടോബർ 18 ന് ശ്രദ്ധ സ്‌നാപ് ചാറ്റിൽ ഈ കുറിപ്പ് പങ്കുവെച്ചതിന്റെ സ്‌ക്രീൻ ഷോട്ട് കുടുംബം മാധ്യമങ്ങൾക്ക് നൽകി. 

ആത്മഹത്യ മാനസിക പീഡനത്തെ തുടർന്നെന്ന് വിദ്യാർത്ഥികൾ

തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ സതീഷാണ് ജൂൺ രണ്ടിന് കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയത്. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളേജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടി തല കറങ്ങി വീണതാണെന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർത്ഥികളും ബന്ധുക്കളും ആരോപിക്കുന്നു. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റൽ ഒഴിയണമെന്ന് അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെങ്കിലും നിർദേശം വിദ്യാർത്ഥികൾ തള്ളുകയാണ് ചെയ്തത്. വിദ്യാർത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. അതിനിടെ ഹോസ്റ്റൽ വാർഡനെയും ഫുഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് മേധാവിയെയും ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. വാർഡനെ നീക്കാൻ തീരുമാനമായിട്ടുണ്ട്. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ടായിരുന്നു.


#Daily
Leave a comment