TMJ
searchnav-menu
post-thumbnail

TMJ Daily

ഡല്‍ഹിയിലേക്ക് നീങ്ങിയ കര്‍ഷകരെ തടഞ്ഞ് പൊലീസ്

08 Dec 2024   |   1 min Read
TMJ News Desk

ഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഷംഭു സമര വേദിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കാല്‍നട യാത്ര ആരംഭിച്ച 101 കര്‍ഷകരുടെ സംഘത്തെ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസ് വിവിധ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും കണ്ണീര്‍വാതക ഷെല്ലുകളും ജലപീരങ്കികളും പ്രയോഗിക്കുകയും ചെയ്തു.

ദേശീയ തലസ്ഥാന ഭരണകൂടത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ കര്‍ഷകരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ സമ്മതിക്കുകയുള്ളൂവെന്ന് അംബാല പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വകവയ്ക്കാതെ ഇന്ന് യാത്ര ആരംഭിച്ച കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് സമീപം എത്തിയപ്പോഴാണ് പൊലീസ് കണ്ണീര്‍വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചത്.

മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് മര്‍ജീവ്രാസ് എന്ന് വിളിക്കുന്ന കര്‍ഷക സംഘം ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ഒരു കാരണത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായവര്‍ എന്നാണ് മാര്‍ജീവ്രാസ് എന്നതിന്റെ അര്‍ത്ഥം. ഷംഭുവിലെ സമരവേദിയില്‍ നിന്നും ഏതാനും മീറ്ററുകള്‍ നടക്കാന്‍ മാത്രമേ കര്‍ഷകര്‍ക്ക് സാധിച്ചുള്ളൂ.

പൊലീസ് നടപടിയിൽ ഒരു കര്‍ഷകന് പരിക്കേറ്റുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഷംഭുവിലെ കര്‍ഷക സമരം ആരംഭിച്ചിട്ട് ഇന്ന് 300 ദിവസം തികഞ്ഞുവെന്ന് പഞ്ചാബിലെ കര്‍ഷക നേതാവായ സര്‍വന്‍ സിങ് പാന്തര്‍ പറഞ്ഞു.


#Daily
Leave a comment