
ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തു, യുദ്ധം തുടര്‍ന്നാല്‍ രോഗം വ്യാപിക്കാന്‍ സാധ്യത
ഗാസയില്‍ പോളിയോ രോഗബാധ ആശങ്കയാകുന്നു. ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ആക്രമണത്തിന് താല്‍ക്കാലിക വിരാമമിടണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ അഭാവം എന്നിവയാണ് വൈറസ് ആവിര്‍ഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പോളിയോ വ്യാപനം തടയാന്‍ രണ്ട് റൗണ്ട് ക്യാമ്പയിനുകളിലൂടെ 95 ശതമാനം വാക്‌സിനേഷന്‍ നടത്തേണ്ടതുണ്ട്. വിജയകരമായ വാക്‌സിനേഷന്‍ ക്യാമ്പയിന് വേണ്ടി വാക്‌സിനുകളും റഫ്രിജറേഷന്‍ ഉപകരണങ്ങളുമെത്തിക്കുന്നതും, ഗാസയിലേക്ക് പോളിയോ വിദഗ്ധരെ കയറ്റിവിടേണ്ടതും, ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കേണ്ടതും ആവശ്യമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
രണ്ട് റൗണ്ടുകളിലായി വാക്സിനേഷന്‍
വാക്‌സിനേഷന്‍ രണ്ട് റൗണ്ടുകളിലായി ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബറിലുമായി നല്‍കേണ്ടതുണ്ടെന്ന് യൂനിസെഫ് അറിയിച്ചു. വെടിനിര്‍ത്തല്‍ ഉണ്ടാകാതെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസിന്റെ വ്യാപനം ഗാസ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങില്ലെന്നും അന്താരാഷ്ട്ര സമൂഹം ഗാസയ്ക്കുള്ളിലും പുറത്തും വൈറസ് വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
അതേസമയം വാക്‌സിനേഷന്‍ ക്യാമ്പയിന് വേണ്ടി ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിടാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തെ പിന്തുണക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗാസ മുനമ്പിലെ 20 ലക്ഷത്തോളം വരുന്ന പലസ്തീന്‍ ജനതയ്ക്ക് മരുന്നുകളും ഭക്ഷണവും ലഭ്യമാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ജൂലൈയില്‍ തന്നെ ഗാസ ആരോഗ്യമന്ത്രാലയം പോളിയോ പകര്‍ച്ചവ്യാധി പ്രഖ്യാപിക്കുകയും വൈറസിന്റെ വ്യാപനത്തിന് കാരണം ഇസ്രയേലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.