TMJ
searchnav-menu
post-thumbnail

THEODOSIUS MAR THOMA METROPOLITAN | WIKI COMMONS

TMJ Daily

രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കരുത്; മാര്‍ത്തോമാ സഭാധ്യക്ഷന്‍

13 Apr 2024   |   1 min Read
TMJ News Desk

തിരാളികളെ നിശ്ശബ്ദരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രൂവീകരണം നടത്തരുതെന്ന് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. വര്‍ഗീയ ധ്രൂവീകരണത്തിലൂടെയും സമ്മര്‍ദ തന്ത്രങ്ങളിലൂടെയും എതിരാളികളെ നേരിടുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ലെന്ന് സഭയുടെ മുഖപത്രമായ സഭാ തരകയില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് മുന്‍പ് സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാത്ത സര്‍ക്കാരിനും തെരഞ്ഞെടുപ്പിനും വേണ്ടി നിലകൊള്ളാന്‍ സമുദായാംഗങ്ങളോട് തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കാനും പൗരത്വ നിയമം ഉപയോഗിക്കുന്നത് അപകടകരമാണെന്ന വിമര്‍ശനവും സന്ദേശത്തിലുണ്ടായിരുന്നു. തുല്യാവകാശമുള്ള ഇന്ത്യന്‍ പൗരന്മാരെ വേര്‍തിരിക്കാനുള്ള നീക്കങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണാധികാരികള്‍ ഉത്തരവാദിത്തം നിറവേറ്റണം

ദുര്‍ബലര്‍ ആക്രമിക്കപ്പെടുമ്പോള്‍ ധര്‍മ്മം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്‍ മറക്കരുതെന്ന് തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. അവകാശ നിഷേധത്തിലും അക്രമങ്ങളിലും അസ്വസ്ഥരാകാത്ത രീതിയിലേക്ക് സമൂഹം പരിവര്‍ത്തനപ്പെടുന്നത് അപകടകരമാണെന്ന ഉത്കണ്ഠയും പ്രകടിപ്പിച്ചു.  മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയെയും അദ്ദേഹം അപലപിച്ചു. വിഷയത്തില്‍ സര്‍ക്കാരുകള്‍ ശാശ്വത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


 

#Daily
Leave a comment