REPRESENTATIONAL IMAGE: PTI
നിയമസഭാ തിരഞ്ഞെടുപ്പ്; ജനവിധി തേടി മധ്യപ്രദേശും ഛത്തീസ്ഗഡും
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 70 നിയമസഭാ സീറ്റുകളിലേക്കുമുള്ള രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്. മധ്യപ്രദേശില്‍ 252 സ്ത്രീകളടക്കം 2,533 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ഇരുസംസ്ഥാനങ്ങളിലും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടു രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ചില മണ്ഡലങ്ങളില്‍ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് മൂന്നുമണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഇരുസംസ്ഥാനങ്ങളും ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.
ഭരണവിരുദ്ധ വികാരം വോട്ടാകുമോ?
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും മത്സരരംഗത്തുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 38,000 പോളിങ് ബൂത്തുകള്‍ സിസിടിവിയുടെയും വെബ് കാസ്റ്റിങ്ങിന്റെയും നിരീക്ഷണത്തിലാണ്്. ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷന്‍ കണക്ടിവിറ്റിയും ഇല്ലാത്ത ബ്ലാക്ക് സോണുകളിലെ 464 പോളിങ് സ്‌റ്റേഷനുകളില്‍ റണ്ണര്‍മാരെ വിന്യസിച്ചു.
സംസ്ഥാനത്ത് നടപ്പാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോണ്‍ഗ്രസാകട്ടെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്. ബുധ്‌നി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് ചൗഹാന്‍. നടന്‍ വിക്രം മസ്തല്‍ ആണ് ചൗഹാനെതിരെ കോണ്‍ഗ്രസില്‍ നിന്ന് മത്സരരംഗത്തുള്ളത്. 30 നിയമസഭാ സീറ്റുകളില്‍ 47 എണ്ണം പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും 35 എണ്ണം പട്ടികജാതിക്കാര്‍ക്കുമാണ്. ആകെ 64,626 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി
ഛത്തീസ്ഗഡില്‍ പടാന്‍ മണ്ഡലം കോണ്‍ഗ്രസും ബിജെപിയും ഛത്തീസ്ഗഡിലെ ജനതാ കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കിടെയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പത് ബൂത്തുകളില്‍ രാവിലെ ഏഴിനു തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. നവംബര്‍ ഏഴിനായിരുന്നു 20 സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ബിഎസ്പി 183 സീറ്റുകളിലും എസ്പി 71 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 66 സീറ്റുകളിലുമാണ് മത്സരിക്കുക. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ടിഎസ് സിംഗ് ദിയോ, എട്ട് സംസ്ഥാന മന്ത്രിമാര്‍, നാല് പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരാണ് രംഗത്തുള്ളത്.
2003 മുതല്‍ 2008 വരെ സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണത്തിലേറിയ കോണ്‍ഗ്രസ് തുടര്‍ഭരണമാണ് ലക്ഷ്യംവയ്ക്കുന്നത്.