
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില തൃപ്തികരം
ബ്രോങ്കൈറ്റിസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. റോമിലെ ഗെമെല്ലി ആശുപത്രിയിലാണ് മാർപ്പാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൂർണ വിശ്രമമാണ് മാർപ്പാപ്പയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ തുടരുമ്പോഴും ഗാസയിലെ കത്തോലിക്ക ഇടവകയിലെ അംഗങ്ങളെ വിളിക്കുന്ന ശീലം മാർപ്പാപ്പ തുടരുന്നുണ്ടെന്ന് ഇറ്റാലിയൻ ചാനൽ മീഡിയസെറ്റ് റിപ്പോർട്ട് ചെയ്തു. സംഭാഷണങ്ങളിൽ മാർപ്പാപ്പ തമാശകൾ പറഞ്ഞെന്നും എങ്കിലും അദ്ദേഹം ക്ഷീണിതനായി അനുഭവപ്പെട്ടു എന്നും മാർപ്പാപ്പയുമായി ഫോണിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസാരിച്ച ഒരു പുരോഹിതൻ പറഞ്ഞു. റോമിലെ സിനിസിറ്റ ഫിലിം സ്റ്റുഡിയോസ് സന്ദർശിക്കാനുള്ള മാർപ്പാപ്പയുടെ പദ്ധതി വത്തിക്കാൻ നിലവിലെ മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉപേക്ഷിച്ചു.
88 വയസ്സുള്ള മാർപ്പാപ്പയ്ക്ക് അടുത്തിടെ അസുഖം മൂലം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. അതുകാരണം തന്റെ പ്രസംഗം വായിക്കാന്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്ന സംഭവം ഉണ്ടായിരുന്നു. അടുത്തകാലത്തായി അദ്ദേഹം നടക്കാന്‍ വാക്കര്‍ ഉപയോഗിക്കുന്നുണ്ട്. നടത്തത്തിന് ഇടയില്‍ രണ്ട് തവണ അദ്ദേഹം വീണ് കൈക്കും താടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരും തനിക്ക് നൽകുന്ന സ്നേഹത്തിനും, പ്രാർത്ഥനകൾക്കും, അടുപ്പത്തിനും നന്ദി,’ ഞായറാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ എക്സിൽ കുറിച്ചു.


