
ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങൾ ആഗോള അസഹിഷ്ണുതയെ ചെറുക്കാൻ സഹായിക്കുന്നവയെന്ന് മാർപാപ്പ
എല്ലായിടത്തും വിദ്വേഷം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ സാർവ്വത്രിക മാനവിക സന്ദേശം ഇന്നും പ്രസക്തമാണെന്ന് മാർപാപ്പ. മനുഷ്യരും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ച് വരുമ്പോൾ സാമൂഹിക പരിഷ്കർത്താവായ ഗുരുവിന്റെ സന്ദേശം ഇന്നും പ്രസക്തമാണെന്നാണ് മാർപാപ്പ പറഞ്ഞത്.
എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വത്തിക്കാനിൽ ഒത്തു കൂടിയ വിശ്വാസികളെയും പ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. മത തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള പരാജയമാണ് ലോകത്തിന്റെ അവസ്ഥ ഇത്ര പ്രക്ഷുബ്ധമാവാൻ കാരണമെന്ന് മാർപാപ്പ പറഞ്ഞു. എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശത്തിലൂടെ സാമൂഹികവും മതപരവുമായ ഉണർവ്വ് പ്രോത്സാഹിപ്പിക്കാനാണ് ഗുരു തന്റെ ജീവിതം സമർപ്പിച്ചതെന്ന് മാർപാപ്പ പറഞ്ഞു. മനുഷ്യരുടെ വംശമോ മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളോ
പരിഗണിക്കാതെ അവർ മനുഷ്യ കുടുംബത്തിലെ അംഗങ്ങളായി മാത്രമാണ് ഗുരു കണ്ടത്. ആരോടും ഒരു തരത്തിലുള്ള വിവേചനവും വച്ചു പുലർത്തരുതെന്ന് ഗുരു ആഹ്വാനം ചെയ്തിരുന്നു.
വിവേചനത്തിന്റെയും ബഹിഷ്കരണത്തിന്റെയും പ്രദർശനങ്ങളും വംശം, മതം, നിറം, ഭാഷ എന്നിവ മൂലമുണ്ടാവുന്ന അക്രമങ്ങളും പല വ്യക്തികളുടെയും ജീവിതത്തിന്റെ ഭാഗമാണ്. വരുമാനത്തിലും ജാതിയിലെയും വ്യത്യാസമനുസരിച്ചാണ് മനുഷ്യർക്ക് ഈ വിവേചനം അനുഭവിക്കേണ്ടി വരുന്നതെന്ന് മാർപാപ്പ പറഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന തത്വം ഊട്ടിയുറപ്പിക്കാനും, ഭിന്നതകൾക്കിടയിൽ സഹവർത്തിത്വം സൃഷ്ടിക്കാനും, വെല്ലുവിളികളും പ്രയാസങ്ങളും ഉണ്ടെങ്കിലും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ നടന്ന പരിപാടിയിൽ കേരളത്തിലെ മതനേതാക്കളും പങ്കെടുത്തു.


