PHOTO: PTI
പോക്‌സോ കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് യെദ്യൂരപ്പ
പോക്‌സോ കേസില്‍ പ്രതികരിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ. സഹായമഭ്യര്‍ത്ഥിച്ചെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം യെദ്യൂരപ്പ നിഷേധിച്ചു. ഒന്നര മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും സഹായം തേടിയെത്തിയിരുന്നുവെന്നും പൊലീസ് കമ്മീഷണറെ വിളിച്ച് സഹായം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചെന്നും യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ താന്‍ മോശമായി പെരുമാറി എന്ന ആരോപണം തെറ്റാണെന്നും ഇത്തരമൊരു കേസാകുമെന്ന് കരുതിയില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ യെദ്യൂരപ്പ അറിയിച്ചു.
ബെംഗളൂരു സദാശിവനഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 17 വയസ്സുകാരിയുടെ അമ്മ നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ചയോടെ യെദ്യൂരപ്പക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.
അമ്മയോടൊപ്പം സഹായം തേടിയെത്തിയ പെണ്‍കുട്ടിയോട് യെദ്യൂരപ്പ മോശമായി പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ സാധിക്കുകയുള്ളൂവെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. അതേസമയം പെണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്നാണ് യെദ്യൂരപ്പയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.