TMJ
searchnav-menu
post-thumbnail

TMJ Daily

നാളെ സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസ സാധ്യത

24 May 2025   |   1 min Read
TMJ News Desk

സംസ്ഥാനത്ത് നാളെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാവിലെ 08.30 വരെ  ആലപ്പുഴ ജില്ലയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ 0.9 മുതല്‍ 1.4 മീറ്റര്‍ വരെയും, എറണാകുളം ജില്ലയില്‍ മുനമ്പം എഫ് എച്ച് മുതല്‍ മറുവക്കാട് വരെ, തൃശൂര്‍ ജില്ലയില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ, കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം മുതല്‍ ന്യൂ മാഹി വരെ, കോഴിക്കോട് ജില്ലയില്‍ ചോമ്പാല എഫ് എച്ച് മുതല്‍ രാമനാട്ടുകര വരെ, മലപ്പുറം ജില്ലയില്‍ കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ, നാളെ രാത്രി 11.30 വരെ  0.8 മുതല്‍ 1.7 മീറ്റര്‍ വരെ, കണ്ണൂര്‍ -കാസറഗോഡ് ജില്ലകളില്‍ കുന്നത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ നാളെ രാത്രി 08.30 വരെ 1.1  മുതല്‍ 1.9 മീറ്റര്‍ വരെയും ഉയരുന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്‍കോയിസ് പറഞ്ഞു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ഇന്‍കോയിസ് അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

ഇന്‍കോയിസ് മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കണം.

മല്‍സ്യബന്ധന യാനങ്ങളായ ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍കോയിസ് അറിയിച്ചു.


#Daily
Leave a comment