PHOTO: PTI
കോവിഡാനന്തര മരണനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്; മരണസാധ്യത മൂന്നിരട്ടി അധികം
കോവിഡ് പിടിപെട്ടശേഷം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നവരില്‍ മരണസാധ്യത മൂന്നിരട്ടി അധികമാണെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ഐസിഎംആര്‍) കീഴിലുള്ള ആശുപത്രികളുടെ ശ്യംഖലയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ 6.5 ശതമാനംപേര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചതായാണ് പഠനം വ്യക്തമാക്കുന്നത്. 31 ആശുപത്രികളിലായി 14,419 രോഗികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.
2020 സെപ്തംബര്‍ മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 17.1 ശതമാനം പേര്‍ക്ക് കോവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടായതായി പഠനം പറയുന്നു. ക്ഷീണം, ശ്വാസതടസ്സം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാണ്. ഡിസ്ചാര്‍ജ് ചെയ്ത് നാലാഴ്ചയ്ക്കകം കോവിഡാനന്തര ലക്ഷണങ്ങള്‍ പ്രകടമാക്കിയവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.
കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ഒരു വര്‍ഷത്തിനുള്ളില്‍ മരണം കൂടുതലായും സംഭവിച്ചത് പുരുഷന്മാരിലാണ്. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ് കൂടുതലും മരണപ്പെട്ടത്. എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണസാധ്യത 40 ശതമാനം കുറവാണെന്നും പഠനം പറയുന്നു. ലിവര്‍ സിറോസിസ്, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ രോഗികളില്‍ കോവിഡിനു ശേഷമുള്ള പ്രയാസങ്ങള്‍ അതിസങ്കീര്‍ണമാണെന്നും പഠനം വ്യക്തമാക്കുന്നു.
ജീനോം സ്വീക്വന്‍സിങിന് നിര്‍ദേശം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പോസിറ്റീവ് ആയവരുടെ ജീനോം സ്വീക്വന്‍സിങിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്നു സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബിഎ 2.86, ഇജി 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി 5 അമ്പതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്ത് 2,96,219 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 233 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.