
യുദ്ധാനന്തര ഗാസ അഥവാ ട്രംപ് ഗാസയുടെ എഐ വീഡിയോ പങ്കുവച്ച് ട്രംപ്
ഗാസയില്‍ നിന്നും പാലസ്തീന്‍കാരെ ഒഴിപ്പിച്ചശേഷം ഏറ്റെടുത്ത് ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ച് ഏതാനും ആഴ്ച്ചകള്‍ക്കുശേഷം തന്റെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗാസ എങ്ങനെ ഉണ്ടാകുമെന്ന് വിശദമാക്കുന്ന എഐ നിര്‍മ്മിത വീഡിയോ ട്രംപ് പുറത്തുവിട്ടു.
പാലസ്തീന്‍ പ്രദേശത്തെ ലെസ് വെഗാസ് പോലൊരു ഗ്ലാമറസ് നഗരത്തിന്റെ രൂപത്തിലാക്കിയുള്ള വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചു. അംബരചുംബികളും തിളക്കമേറിയ ലൈറ്റുകളും തിരക്കേറിയ വിപണികളും ട്രംപിന്റെ സുവര്‍ണ പ്രതിമയും ഉണ്ട്. നഗരത്തിലുടനീളം ട്രംപ് ഗാസ എന്നെഴുതിയിട്ടുണ്ട്.
വീഡിയോയില്‍ ഇലോണ്‍ മസ്‌കും പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. മഴയായി പണം പെയ്യുമ്പോള്‍ അതില്‍ നൃത്തം ചവിട്ടുന്ന മസ്‌കിനേയും ദൃശ്യങ്ങളില്‍ കാണാം.
ട്രംപിന്റെ സ്വപ്‌നത്തിലെ ഗാസയെ ട്രംപ് ഗാസ എന്നാണ് വിളിക്കുന്നത്. ഗാസ 2025 എന്ന ടൈറ്റില്‍ കാര്‍ഡോടെ ആണ് എഐ നിര്‍മ്മിത ദൃശ്യം ആരംഭിക്കുന്നത്. നിലവിലെ ഗാസയുടെ അവസ്ഥ ഇവിടെ കാണിക്കുന്നു. അടുത്തെന്ത് എന്ന് അമേരിക്കന്‍ പതാകയിലെ നിറങ്ങളായ ചുവപ്പിലും നീലയിലും എന്നെഴുതിക്കൊണ്ട് ട്രംപ് ഗാസയുടെ ദൃശ്യം ആരംഭിക്കുന്നു. ഇതില്‍ കുട്ടികളും കുടുംബങ്ങളും തകര്‍ന്ന നഗരത്തില്‍ നിന്നും സ്വര്‍ഗ തുല്യമായ നഗരത്തിലേക്ക് പ്രവേശിക്കുന്നു.
മധ്യേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി വികസിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഈ മാസമാദ്യമാണ് ട്രംപ് പറഞ്ഞത്.
ട്രംപ് ഗാസ ഹോട്ടലും ബീച്ചില്‍ വിശ്രമിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും നൈറ്റ്‌ലൈഫും ദൃശ്യങ്ങളിലുണ്ട്.
ട്രംപിനെ പ്രശംസിച്ചു കൊണ്ടുള്ള പാട്ടുമുണ്ട്. നിങ്ങളെ സ്വതന്ത്രമാക്കാന്‍ ഡൊണാള്‍ഡ് വരുന്നു എന്ന് പറയുന്ന വരികളില്‍ ടണലുകളും പേടിയും ഇനിയില്ലെന്നും പറയുന്നു.


