
തപാല്‍ വോട്ടുകള്‍ തിരുത്തി; കേസ് വന്നാലും പ്രശ്‌നമില്ലെന്ന് ജി സുധാകരന്‍
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് ജി സുധാകരന്‍. 36 വര്‍ഷം മുമ്പ് 1989ല്‍ നടന്ന തിരഞ്ഞെടുപ്പിലെ അട്ടിമറിയെക്കുറിച്ച് അദ്ദേഹം ഒരു പൊതുപരിപാടിയില്‍ സംസാരിച്ചത്. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ വി ദേവദാസിന് അനുകൂലമായി തപാല്‍ വോട്ടില്‍ തിരിമറി നടത്തിയെന്ന് മുന്‍മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്നു കെ വി ദേവദാസ്. അന്ന് ലഭിച്ച സിപിഐഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും പ്രശ്‌നമില്ലെന്നും അദ്ദേഹം എന്‍ജിഒ യൂണിയന്റെ മുന്‍കാല നേതാക്കളുടെ സംഗമം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
തപാല്‍ വോട്ടുകള്‍ ശേഖരിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നാണ് തിരുത്തിയത്. അന്ന് താന്‍ ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. തപാല്‍ വോട്ടുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയെന്നും സുധാകരന്‍ പറഞ്ഞു.
ബാലറ്റ് കവറിലിട്ട് ഒട്ടിച്ചു കൊടുത്താലും അത് പൊട്ടിക്കുമെന്ന് സുധാകരന്‍ വെളിപ്പെടുത്തി. 'ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതണ്ട. ഞങ്ങള്‍ അത് പൊട്ടിക്കും.' അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് തപാല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാര്‍ക്കും ചെയ്യരുതെന്നും അദ്ദേഹം ഉപദേശിച്ചു.


