Representational image: Pixabay
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ; ഡൽഹിയിൽ 6 പേരെ അറസ്റ്റ് ചെയ്തു
ഡൽഹിയിൽ പ്രധാനമന്ത്രിക്കെതിരായി പോസ്റ്റർ പതിപ്പിച്ച 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 100 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേർ പ്രിന്റിങ് പ്രസ് ഉടമകളാണ്.
ചൊവ്വാഴ്ച ഡൽഹിയിലെ പല സ്ഥലങ്ങളിൽ നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകൾ പൊലീസ് നീക്കം ചെയ്തിരുന്നു. 'മോദിയെ പുറത്താക്കൂ, നാടിനെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിടിച്ചെടുത്ത പോസ്റ്ററുകളിൽ അച്ചടിശാലയുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല. ഈ കാരണത്താൽ പ്രിൻിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തുവെന്ന് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക് പറഞ്ഞു.
സെൻട്രൽ ഡൽഹിയിലെ ഐപി എസ്റ്റേറ്റ് ഏരിയയിൽ ഒരു വാൻ തടഞ്ഞപ്പോഴാണ് പൊലീസ് പോസ്റ്ററുകൾ കണ്ടെത്തിയത്. പോസ്റ്ററുകൾ എഎപി ആസ്ഥാനത്ത് എത്തിക്കാൻ നിർദേശം നല്കിയതായി ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ ആംആദ്മി പാർട്ടി പൊലീസ് എഫ്‌ഐആർ ചോദ്യം ചെയ്യുകയും പോസ്റ്ററുകളിൽ ആക്ഷേപകരമായി ഒന്നും തന്നെയില്ലായെന്നും പരാമർശിച്ചു. മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ തെളിവുകളാണ് നടപടികളെന്നും പാർട്ടി ആരോപിച്ചു.