
'ആ അഭിപ്രായം എന്റേതല്ല' വ്യാജപ്രചാരണം തള്ളിക്കളയണമെന്ന് പി.പി ദിവ്യ
പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ. തന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്ന് ദിവ്യ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ തന്നെപറഞ്ഞിട്ടുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ പറഞ്ഞു. തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ആവര്‍ത്തിച്ചു വന്ന രീതിയെന്നും അത് തുടരുമെന്നും പറഞ്ഞ ദിവ്യ, എല്ലാ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിച്ചു.
എഡിഎം കെ നവീന്‍ബാബു ആത്മഹത്യചെയ്ത സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പി പി ദിവ്യക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 29നാണ് ദിവ്യയെ അറസ്റ്റുചെയ്തത്.
ഒക്ടോബര്‍ 15നാണ് നവീന്‍ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ യാത്രയപ്പ് വേദിയില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.