
ക്ഷേത്ര പ്രവേശനത്തിന് ഷര്‍ട്ടൂരല്‍: സച്ചിദാനന്ദ സ്വാമിയെ പിന്തുണച്ച് മുഖ്യമന്ത്രി
മേല്‍വസ്ത്രമൂരി ക്ഷേത്രങ്ങളില്‍ പ്രവേശിക്കണമെന്നത് അനാചാരമാണെന്നും അതിന് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നുമുള്ള ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ആരാധനാലയങ്ങളില്‍ ഉടുപ്പൂരിയെ കടക്കാന്‍ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ്പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ സമൂഹത്തിന് മുന്നില്‍ നിര്‍ദേശമായി സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാന്‍ സാധ്യതയുണ്ട്. ഈ വഴിക്ക് പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. പക്ഷേ നമ്മുടെ നാട്ടില്‍ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗമായിട്ട് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ എല്ലാം ഈ നിലയാണ് സ്വീകരിച്ചു പോവുക എന്നാണ് അദ്ദേഹം പറഞ്ഞത്,' മുഖ്യന്ത്രി പറഞ്ഞു. അത് ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരാന്‍ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പലസ്തീനിലായാലും, അഫ്ഗാനിസ്ഥാനിലായാലും, മണിപ്പൂരിലായാലും മറ്റെവിടെയായാലും ശരി ഓരോ വംശീയ സംഘര്‍ഷവും മുറിവേല്‍പ്പിക്കുന്നത് മനുഷ്യത്വത്തെയാണ്. ചോര്‍ന്നുപോകുന്ന മനുഷ്യത്വം മനുഷ്യരില്‍ ഉള്‍ചേര്‍ക്കുവാന്‍ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങള്‍ക്കുള്ള പ്രസക്തി കൂടുതല്‍ വ്യക്തമാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഗുരുസന്ദേശങ്ങള്‍ക്ക് സാര്‍വദേശീയവും സര്‍വകാലികവുമായ പ്രസക്തിയുണ്ട് എന്നു പറയുന്നത്. ഗുരു ജീവിച്ചു മനുഷ്യത്വം പടര്‍ത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തില്‍ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതില്‍ ആളിപ്പടരാതിരിക്കുന്നത്. അതുകൊണ്ട് ആമുഖമായി തന്നെ പറയാനുള്ളത് ഗുരു സന്ദേശങ്ങള്‍ ലോകമെമ്പാടും പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണം എന്നതാണ്. ഈ അടുത്ത കാലത്ത് ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി റോമില്‍ ആഘോഷിക്കുകയും മാര്‍പാപ്പ ഉള്‍പ്പെടെ അതിന്റെ ഭാഗമാവുകയും ചെയ്തത് ഏറെ ശ്ലാഘനീയമാണ്. അത്തരം മുന്‍കൈകള്‍ ശക്തിപ്പെടുത്താനുതകണം ഈ ശിവഗിരി തീര്‍ത്ഥാടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയര്‍ന്നു കേട്ടു. ഗുരു ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ചു സങ്കല്‍പ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണെന്നും മുഖ്യന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധര്‍മ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വര്‍ണാശ്രമ ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതങ്ങള്‍ നിര്‍വചിച്ചുവെച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധര്‍മ്മം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സര്‍വമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. അപ്പോള്‍ വ്യക്തമാവുന്നതെന്താണ്? മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉള്‍ക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത് എന്നതാണ്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാന്‍ നിന്നാല്‍ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.