
ശരദ് പവാർ | PHOTO: PTI
പ്രഫൂൽ പട്ടേലും സുപ്രിയ സുലെയും എൻസിപി വർക്കിങ് പ്രസിഡന്റുമാർ; പ്രഖ്യാപനം നടത്തി ശരദ് പവാർ
പ്രഫൂൽ പട്ടേലിനേയും സുപ്രിയ സുലെയെയും നാഷൺ കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) വർക്കിങ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ച് ശരദ് പവാർ. നിലവിൽ എൻസിപിയുടെ വൈസ് പ്രസിഡന്റാണ് പ്രഫൂൽ പട്ടേൽ. 1999 ൽ ശരദ് പവാറും പിഎ സാങ്മയും ചേർന്ന് സ്ഥാപിച്ച പാർട്ടിയാണ് എൻസിപി. എൻസിപിയുടെ 25-ാം വാർഷിക ദിനത്തിലാണ് പവാർ വർക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. എൻസിപിയുടെ പ്രധാനപ്പെട്ട നേതാവായ അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയ സുലെക്ക് നൽകിയത്. ഒപ്പം വനിതാ യുവശക്തി, ലോക്‌സഭാ കോർഡിനേഷൻ എന്നീ ചുമതലകളും സുപ്രിയക്കുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് പ്രഫൂൽ പട്ടേലിന്. ഡൽഹി എൽസിപി അധ്യക്ഷനായി നന്ദ ശാസ്ത്രിയെ ആണ് നിയമിച്ചിരിക്കുന്നത്. എൻസിപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ തട്ടേക്കർക്ക് ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളുടേയും ചുമതല നൽകി.
പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച രാജി
കഴിഞ്ഞമാസം പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് പവാർ പ്രഖ്യാപിച്ചിരുന്നു. എനിക്ക് മൂന്ന് വർഷത്തെ രാജ്യസഭാ അംഗത്വം അവശേഷിക്കുന്നു. ഈ കാലയളവിൽ ഞാൻ പാർട്ടിയുടെ ഒരു പദവിയും സ്വീകരിക്കില്ല. 1960 മെയ് 1 മുതൽ 2023 മെയ് 1 വരെ നീണ്ട പൊതുപ്രവർത്തനത്തിൽ നിന്നും ഒരു പടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ്, അതിനാൽ എൻസിപി സ്ഥാനം ഒഴിയാൻ തീരുമാനിച്ചു എന്നായിരുന്നു പവാറിന്റെ പ്രസ്ഥാവന.
എന്നാൽ ഇതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഉടനീളം വൈകാരികമായ പ്രതിഷേധമാണ് നടന്നത്. അണികളുടേയും നേതാക്കളുടേയും പ്രതിഷേധത്തെ തുടർന്ന് പവാർ തന്റെ തീരുമാനം മാറ്റുകയായിരുന്നു. രാജി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് എൻസിപിയിലെ മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നു. രാജി എൻസിപി കോർ കമ്മിറ്റി നിരസിക്കുകയും ചെയ്തു. പാർട്ടിയിൽ പവാറിനുള്ള സ്വാധീനം എത്രത്തോളമാണെന്ന് രാജിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഭാവിയിൽ സംഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് ഞാൻ ശ്രദ്ധിക്കുക, പുതിയൊരു നേതൃത്വം രൂപപ്പെടുത്തിയെടുക്കും, സംഘടനയുടെ വളർച്ചയ്ക്കും പാർട്ടിയുടെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാനും അഹോരാത്രം പ്രവർത്തിക്കും എന്നും രാജി പിൻവലിച്ചതിനെ തുടർന്ന് പവാർ പറഞ്ഞിരുന്നു.