
പ്രകാശ് കാരാട്ടിന് താത്കാലിക ചുമതല
സിപിഎം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും കോർഡിനേറ്ററായി പ്രകാശ് കാരാട്ടിന് താത്കാലിക ചുമതല നൽകാൻ തീരുമാനം. കേന്ദ്രകമ്മിറ്റിയുടേതാണ് തീരുമാനം.
സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് വരെ ഇരു സ്ഥാനങ്ങളിലും കാരാട്ട് തുടരുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് കാരാട്ടിന് താത്കാലിക ചുമതല നൽകുന്നത്.
ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള ദൈനംദിന കാര്യങ്ങളുടെയും പാര്‍ട്ടി കോണ്‍ഗ്രസിനാവശ്യമായ സംഘടനാ തയ്യാറെടുപ്പുകളുടെയും ചുമതല പി.ബി. അംഗങ്ങളുള്‍പ്പെട്ട താത്കാലിക സംവിധാനത്തിനായിരിക്കും. ഈ സംവിധാനത്തിന്റെ മേല്‍നോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.
നിലവിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, 2005 മുതൽ 2015 വരെ സിപിഎം ജനറൽ സെക്രട്ടറിയായിരിന്നു.
കാരാട്ടിനു പിന്നാലെ 2015ൽ പിൻഗാമിയായാണ് സീതാറാം യച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയാകുന്നത്.


