TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരവ് സര്‍ക്കാരിന് പുന:പരിശോധിക്കാം

29 Feb 2024   |   1 min Read
TMJ News Desk

ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകളില്‍ ലോകായുക്തയ്ക്ക് വിധി പറയാനാകുന്ന പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുള്ള ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ നിയമസഭയ്ക്കും മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും മറിച്ച് തീരുമാനമെടുക്കാം. ഗവര്‍ണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാകും. എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ സ്പീക്കറായിരിക്കും അതോറിറ്റി. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ബില്ല് അയച്ചത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്.

2022 ഓഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബില്ല് നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവായിരുന്നു ബില്ല് അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രി ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ 1999 ല്‍ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബില്ല് സഭയില്‍ അവതരിപ്പിച്ചതെന്നും അതിനാല്‍ ഭേദഗതി ചെയ്യാന്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്. ബില്ല് നിയമമായാല്‍ സര്‍ക്കാരിന് സ്വന്തം കേസില്‍ തീരുമാനമെടുക്കാനാകുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ലോകായുക്ത

പൊതുസേവകരുടെ അഴിമതി, ദുര്‍ഭരണം, നീതിനിഷേധം, പദവിദുരുപയോഗം തുടങ്ങിയ പരാതികളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാന്‍ കഴിയുന്ന ഏകസംവിധാനമാണ് ലോകായുക്ത. സുപ്രീംകോടതി / ഹൈക്കോടതി, മുന്‍ ചീഫ് ജസ്റ്റിസ് തലവനും, ഹൈക്കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാര്‍, ഉപലോകായുക്തയും, ജില്ലാ ജഡ്ജി രജിസ്ട്രാറും, സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അര്‍ദ്ധജുഡീഷ്യല്‍ അധികാരമുള്ള സംവിധാനമാണിത്. പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതിയെക്കുറിച്ച് സാധാരണക്കാര്‍ക്ക് പരാതിപ്പെടാനും പണച്ചിലവില്ലാതെ നിയമപോരാട്ടം നടത്താനും സാധിക്കും. നിയമഭേദഗതി പ്രകാരം ലോകായുക്തയുടെ ഉത്തരവുകള്‍ ശുപാര്‍ശയായി മാറുന്നതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ലോകായുക്ത നിര്‍ദേശം തള്ളാന്‍ സര്‍ക്കാരിന് സാധിക്കും.


#Daily
Leave a comment