TMJ
searchnav-menu
post-thumbnail

അലക്സാണ്ടര്‍ ലുകാഷെങ്കോ | PHOTO: WIKI COMMONS

TMJ Daily

സൈനികരെ പരിശീലിപ്പിക്കാന്‍ വാഗ്‌നര്‍ പടയെ ക്ഷണിച്ച് ബെലാറസ് പ്രസിഡന്റ്

02 Jul 2023   |   1 min Read
TMJ News Desk

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ രാജ്യത്തിന്റെ സൈനികരെ പരിശീലിപ്പിക്കാന്‍ വാഗ്‌നര്‍ ഗ്രൂപ്പിനെ ക്ഷണിച്ചു. ബെലാറസിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ലുകാഷെങ്കോ ക്ഷണത്തെക്കുറിച്ച് സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ഭാഗ്യവശാല്‍ വാഗ്‌നര്‍ സംഘം ഇവിടെ ഇല്ലെന്നും, അവരുടെ യുദ്ധാനുഭവങ്ങള്‍ കൈമാറുകയാണെങ്കില്‍ രാജ്യം അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയ്ക്കെതിരായ വാഗ്‌നര്‍ സേനയുടെ സായുധ കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തതിന് തൊട്ടുപിന്നാലെയാണ് കൂലിപ്പടയ്ക്ക് രാജ്യത്തിന്റെ ക്ഷണം.  യുക്രൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന വാഗ്‌നര്‍പ്പട അതു നിര്‍ത്തി അതിര്‍ത്തി കടന്ന് റഷ്യയിലെത്തിയായിരുന്നു കലാപമുണ്ടാക്കിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ വാഗ്‌നര്‍ പട മോസ്‌ക്കോയിലേക്ക് മാര്‍ച്ച് ചെയ്യുകയും റഷ്യയിലെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. ലുകാഷെങ്കോ ഇടപ്പെട്ട ഒത്തുതീര്‍പ്പില്‍, പ്രിഗോഷിന്‍ ബെലാറസിലേക്ക് മാറുമെന്ന കരാറിന്മേലായിരുന്നു പ്രതിസന്ധി അവസാനിച്ചത്. കരാറിന്റെ ഭാഗമായി സൈന്യം റഷ്യന്‍ സൈന്യത്തിലോ നിയമ നിര്‍വഹണ ഏജന്‍സികളിലോ ചേരുകയോ ബെലാറസിലേക്ക് പോവുകയോ ചെയ്യണമെന്ന് ഒത്തുതീര്‍പ്പായി.

റഷ്യയുമായി ഏറ്റുമുട്ടിയ വാഗ്‌നര്‍ പട

റഷ്യയുടെ ഉക്രൈനുമായുള്ള യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ച സൈനിക സംഘമായിരുന്നു വാഗ്‌നര്‍ പട. റഷ്യയ്ക്കുവേണ്ടി യുക്രൈനിയന്‍ നഗരമായ ബഖ്മൂട്ട് പിടിച്ചെടുക്കുന്നതില്‍ വാഗ്‌നറിന്റെ പങ്ക് വലുതായിരുന്നു. എന്നാല്‍ യുദ്ധത്തിന് വേണ്ട പിന്തുണ റഷ്യയില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ആയുധങ്ങളും മറ്റും നല്‍കുന്നില്ലെന്നും  ആരോപിച്ച് പ്രിഗോഷിനും പുടിനും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചു. തന്റെ സൈന്യത്തിനെതിരെ ആക്രമണമുണ്ടായി ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം റഷ്യന്‍ സൈനിക നേതൃത്വത്തിന്റെ നിരുത്തരവാദപരമായ ഇടപെടലാണെന്ന ആരോപണവുമായി രംഗത്തു വരുന്ന പ്രിഗോഷിനെയാണ് പിന്നീട് കണ്ടത്. എല്ലാ സൈനിക വളണ്ടിയര്‍മാരും റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായുള്ള കരാറില്‍ ഒപ്പിടമെന്ന നിര്‍ദേശവും പ്രിഗോഷിനെ പ്രകോപിപ്പിച്ചു. എന്നാല്‍ വാഗ്‌നര്‍ ഗ്രൂപ്പിനെ  പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാക്കാനുള്ള പദ്ധതിയാണിതെന്നാരോപിച്ച് പ്രിഗോഷിന്‍ നിര്‍ദേശം തള്ളിക്കളഞ്ഞു.

കൂലിപ്പടയുടെ തലവനെവിടെ ?

റഷ്യ യുക്രൈന്‍ യുദ്ധം തുടരവേ, റഷ്യയില്‍ ആഭ്യന്തര യുദ്ധത്തിന് പടയൊരുക്കിയ വാഗ്‌നര്‍ മേധാവി പ്രിഗോഷിന്‍ പൊട്ടിത്തെറികള്‍ക്കൊടുവില്‍ ബെലാറസില്‍ എത്തിയെന്ന വാര്‍ത്തകളായിരുന്നു പിന്നീട് വന്നത്. റഷ്യയെ ഞെട്ടിച്ച കലാപം അവസാനിപ്പിക്കാന്‍ വൈകാരികമായ ഫോണ്‍ കോളിലൂടെ പ്രിഗോഷിനെ ബോധ്യപ്പെടുത്തിയതായി ലുകാഷെങ്കോ പറഞ്ഞു. കലാപകാരികളെ തുടച്ചുനീക്കുമെന്ന പുടിന്റെ തീരുമാനത്തെ താനാണ് എതിര്‍ത്തതെന്നും ലുകാഷെങ്കോ അവകാശപ്പെട്ടു.


#Daily
Leave a comment