സായ് ഇങ്ങ് വെൻ | Photo: Twitter
തായ്‌വാൻ പ്രസിഡന്റ് അമേരിക്കയിൽ; മുന്നറിയിപ്പുമായി ചൈന
തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്ങ് വെൻ അമേരിക്കയിലെത്തി. ലോക രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സായ് ഇങ്ങ് വെൻ അമേരിക്കയിലെത്തിയത്. സെൻട്രൽ അമേരിക്കയിലെ ഗ്വാട്ട മാലയിലേക്കുള്ള യാത്രാമധ്യേയാണ് ന്യൂയോർക്കിൽ സായ് ഇങ്ങ് വെൻ ഇറങ്ങിയത്. എന്നാൽ യുഎസ് കോൺഗ്രസ് സ്പീക്കറുമായിട്ടോ, ബൈഡൻ ഭരണകൂടത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായിട്ടോ തായ്‌വാൻ പ്രസിഡന്റ് കൂടിക്കാഴ്ചക്ക് തുനിയരുതെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ നടക്കാൻ സാധ്യതയുള്ള കൂടിക്കാഴ്ചകളെ കുറിച്ചുള്ള വാക്‌പോരുകൾ ഇതിനോടകം തന്നെ അമേരിക്കയും ചൈനയും തുടരുകയാണ്. തായ്‌വാൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന തായ്‌വാൻ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുന്നത് മുമ്പും എതിർത്തിരുന്നു. എന്നാൽ തായ്‌വാനെ സ്വതന്ത്ര രാജ്യമായിട്ടാണ് മറ്റുള്ള രാജ്യങ്ങൾ കാണുന്നതെന്ന് തെളിയിക്കാനുള്ള ഒരു മാർഗം എന്ന നിലയിൽ കൂടിയാണ് സായ് ഇങ്ങ് വെൻ ഈ യാത്ര നടത്തുന്നത്. ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ദൃഢനിശ്ചയത്തിന് ഒരു സമ്മർദ്ദവും തടസമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ചൈന പ്രകോപിതരാവാനുള്ള ഒരു കാരണവും നിലവിലില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഈ നീക്കത്തിലൂടെ വരും ദിവസങ്ങളിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവാനാണ് സാധ്യത.