
ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി; സുപ്രീംകോടതിയോട് ചോദ്യങ്ങളുന്നയിച്ച് രാഷ്ട്രപതി
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്കുമേല്‍ രാഷ്ട്രപതിയും ഗവര്‍ണമാരും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഉത്തരവിനുമേല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഭരണഘടനയുടെ 143 (1) വകുപ്പ് അനുസരിച്ചാണ് രാഷ്ട്രപതിയുടെ നടപടി.
ഭരണഘടനയിലെ വകുപ്പുകളില്‍ അത്തരമൊരു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ അത് സുപ്രീംകോടതിക്ക് ഉത്തരവിലൂടെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് രാഷ്ട്രപതി ചോദിച്ചു.
തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മിലുള്ള കേസില്‍ ഈ വര്‍ഷം ഏപ്രിലിലാണ് സുപ്രീംകോടതി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചത്. സമാനമായ കേസ് കേരളത്തിന്റെ ഗവര്‍ണര്‍ക്കെതിരെയും നിലവിലുണ്ട്.
ഗവര്‍ണര്‍ പരിഗണനയ്ക്കായി അയച്ചു നല്‍കുന്ന നിയമങ്ങളുടെ മേല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
അനുച്ഛേദം 201 അനുസരിച്ച് രാഷ്ട്രപതി തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. ഈ അനുച്ഛേദ പ്രകാരം രാഷ്ട്രപതി പ്രയോഗിക്കുന്ന ഭരണഘടനാപരമായ വിവേചനാധികാരം ന്യായവാദാര്‍ഹമാണോയെന്നത് അടക്കമുള്ള 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്.


