.jpg)
യുക്രൈന്‍ വ്യോമസേനാ മേധാവിയെ പുറത്താക്കി പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി
യുക്രൈന്‍ വ്യോമസേന കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ മൈക്കോള ഒലെഷ്ചുക്കിനെ പുറത്താക്കി പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നും ലഭിച്ച എഫ് 16 യുദ്ധവിമാനം തകര്‍ന്ന് നാല് ദിവസത്തിന് ശേഷമാണ് നടപടി. ലഫ്റ്റനന്റ് ജനറല്‍ അനലോറ്റി ക്രിവോനോഷ്‌കോയെ ആക്ടിംഗ് എയര്‍ഫോഴ്സ് കമാന്‍ഡറായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്.
റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ എഫ് 16 യുദ്ധവിമാനങ്ങളിലൊന്ന് തകര്‍ന്നതായി യുക്രൈന്‍ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമാന്‍ഡറെ പുറത്താക്കുന്നത്. സൈനികരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും കമാന്‍ഡ് തലത്തില്‍ യുക്രൈന്‍ സൈന്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നുമാണ് നടപടിക്ക് പിന്നാലെ സെലെന്‍സ്‌കി പ്രതികരിച്ചത്. തിങ്കളാഴ്ചയുണ്ടായ തകര്‍ച്ചയില്‍ പൈലറ്റ് ഒലെസ്‌കി മെസ് കൊല്ലപ്പെട്ടതായി ഒലെഷ്ചുക്ക് സ്ഥിരീകരിച്ചിരുന്നു.
സൈന്യത്തിലെ പ്രധാനികളില്‍ ഒരാളായിരുന്ന പൈലറ്റിനെ നഷ്ടമായതും കൈവശമുണ്ടായിരുന്ന ചുരുക്കം എഫ്-16 വിമാനങ്ങളില്‍ ഒന്ന് തകര്‍ന്നതുമാണ് രാജ്യത്തിന് പ്രതിസന്ധിയായത്. പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ ഡെലിവെറികള്‍ക്കായി കാത്തിരിക്കുന്ന സമയത്താണ് യുദ്ധവിമാനം തകരുന്നത്. യുദ്ധക്കളത്തില്‍ സങ്കീര്‍ണമായ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യുക്രൈന്‍ സേനയുടെ കഴിവില്ലായ്മയിലേക്ക് സംഭവം വിരല്‍ചൂണ്ടുന്നുവെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിട്ടുണ്ട്.