TMJ
searchnav-menu
post-thumbnail

TMJ Daily

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻലവിച്ചു, സർക്കാർ രൂപീകരണം ഉടൻ

14 Oct 2024   |   1 min Read
TMJ News Desk

മ്മു കശ്മീരിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018 ഡിസംബർ ഇരുപതിനായിരുന്നു ജമ്മു കശ്മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്. തുടർന്നാണ് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്തത്.

ജമ്മു കശ്മീരിൽ പത്തുവർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാഷ്‌ട്രപതി ഭരണം പിൻവലിക്കുന്നത്. കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2024ൽ നടന്നത്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വെള്ളിയാഴ്ച ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2019 ഒക്‌ടോബർ 31-ന് ജമ്മു കശ്മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയിരുന്നു. മുൻ സംസ്ഥാനമായ ജമ്മു കശ്മീരിനെ 'ജമ്മു കശ്മീർ, ലഡാക്ക്' എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന്റെ തുടർച്ചയിലായിരുന്നു നടപടി. 2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീർ പുനഃസംഘടന നിയമവും പാർലമെൻ്റ് പാസാക്കി. മുൻ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും അന്നുതന്നെ റദ്ദാക്കപ്പെട്ടിരുന്നു.

2017 ജൂണിൽ പിഡിപി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്നാണ് രാഷ്ട്രീയ അസ്ഥിരതയിലേക്ക് ജമ്മു കശ്മീർ നീങ്ങുന്നത്. 2017 ജൂൺ മുതൽ സംസ്ഥാനം കേന്ദ്ര അധികാരത്തിന് കീഴിലായിരുന്നു. ആറ് മാസത്തേക്ക് ഗവർണർ ഭരണം എന്ന നിലയിലാണ് മുൻ സംസ്ഥാനത്ത് ആദ്യം കേന്ദ്ര ഭരണം നടപ്പിലാക്കിയത്.

2019 ഒക്ടോബർ 31 ന് ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായപ്പോൾ രാഷ്ട്രപതി ഭരണം പിൻവലിച്ചു. എന്നിരുന്നാലും, ജമ്മു കശ്മീരിൽ കേന്ദ്രഭരണം അനിശ്ചിതകാലത്തേക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ (എൽജി) കീഴിൽ തുടരുമെന്ന് സൂചിപ്പിച്ച് രാഷ്ട്രപതി നോട്ടീസ് നൽകുകയായിരുന്നു.



#Daily
Leave a comment