രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം; കേസെടുക്കാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സമ്മര്‍ദ്ദത്തിലായി സര്‍ക്കാര്‍. രഞ്ജിത്ത് മോശമായി പെരുമാറി എന്ന് നടി തുറന്ന് പറഞ്ഞതോടെ ഉടന്‍ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാന്‍ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
പരാതിയുണ്ടെങ്കില്‍ മാത്രം നടപടിയെന്ന് സജി ചെറിയാന്‍
രഞ്ജിത്തിനെതിരെയുള്ള ആരോപണത്തില്‍ പരാതി ഉണ്ടെങ്കില്‍ വരട്ടെ അപ്പോള്‍ നോക്കാമെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരന്‍ എന്നും മന്ത്രി. രഞ്ജിത്തിനെതിരെയുള്ള ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്നും, ചലച്ചിത്ര അക്കാദമി നിയമനം രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും, അതിനാല്‍ തുടര്‍ നടപടി അങ്ങനെയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണം ഉന്നയിച്ച നടി പരാതി നല്‍കിയാല്‍ നിയമപരമായ തുടര്‍ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.
2009-ല്‍ പുറത്തിറങ്ങിയ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ കാലയളവില്‍ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. രഞ്ജിത്ത് അനുചിതമായി പെരുമാറിയത് നടിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും സിനിമയില്‍ അഭിനയിക്കില്ലെന്ന് ടീമിലെ ഒരാളെ അറിയിച്ച ശേഷം ഉടന്‍ തന്നെ അവർ പോവുകയായിരുന്നുവെന്നുമാണ് പ്രതികരണം.
ആരോപണം നിഷേധിച്ച് രഞ്ജിത്ത്
ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാന്‍ ഇരയും അവര്‍ വേട്ടക്കാരനുമാണ് അവര്‍ നിയമപരമായി നീങ്ങിയാല്‍, ഞാന്‍ ആ വഴിക്കുതന്നെ അതിനെ നേരിടുമെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.