TMJ
searchnav-menu
post-thumbnail

TMJ Daily

സപ്ലൈകോയുടെ ഫെയറുകളില്‍ 40 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആര്‍ അനില്‍

25 Mar 2025   |   1 min Read
TMJ News Desk

റംസാന്‍, ഈസ്റ്റര്‍, വിഷു പ്രമാണിച്ച് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഗവണ്‍മെന്റ്  നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെയറുകളില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റര്‍, വിഷു, റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേകം ചന്തകള്‍ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍  സപ്ലൈകോയുടെ പ്രധാന ഔട്ട്ലെറ്റുകളില്‍ ഫെയറിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത  കണക്കിലെടുത്താണ് നിലവിലെ ഔട്ട്ലെറ്റുകളില്‍ വിപണന മേള ക്രമീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 30 വരെ റംസാന്‍ ഫെയറും എപ്രില്‍ 10 മുതല്‍ 19 വരെ വിഷു, ഈസ്റ്റര്‍ ഫെയറും നടക്കും. മാര്‍ക്കറ്റില്‍ ഉല്‍പ്പന്നത്തിന്റെ നിലവിലെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവ് ഫെയറുകളില്‍ ലഭിക്കും.

മാര്‍ക്കറ്റില്‍ 285 രൂപ വരെ വിലയുള്ള വെളിച്ചെണ്ണ 235 രൂപയ്ക്കാണ് സപ്ലൈകോയില്‍ വില്‍ക്കുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങള്‍  35 മുതല്‍ 40 ശതമാനം വിലകുറച്ച് നല്‍കുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നുവെന്ന് മന്ത്രി പറഞ്ഞു.

അനവധി തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി പരമാവധി വില കുറയ്ക്കാന്‍ ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തുന്നത് കൊണ്ടാണ് ഇത്തരത്തില്‍ വില കുറച്ച് പരമാവധി ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്സവ കാലയളവില്‍ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ കൃത്യമായി എത്തിക്കാനുള്ള നടപടി സപ്ലൈകോ സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. കൂടാതെ മറ്റ് ഉല്‍പ്പനങ്ങള്‍ ഏകദേശം 15 മുതല്‍ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയില്‍ 85, 120 രൂപ വില വരുമ്പോള്‍ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നല്‍കുന്നത്. സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്.





#Daily
Leave a comment