TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

പ്രധാനമന്ത്രി കൊച്ചിയില്‍; സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍, നാളെ തിരുവനന്തപുരത്ത്

24 Apr 2023   |   1 min Read
TMJ News Desk

ണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍ നിന്നു കൊച്ചി വെല്ലിങ്ങ്ടണ്‍ ഐലന്റിലെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. 

തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ മെഗാ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ വലിയ ആവേശമായി.  ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന് ഇരുവശവും അണിനിരന്നത്. 

തുടര്‍ന്ന് നടന്ന യുവം വേദിയില്‍ സുരേഷ് ഗോപി, നടി അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍ എത്തി. എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും പരിപാടിയില്‍ പങ്കെടുത്തു. നടി നവ്യാ നായര്‍ വേദിയില്‍ നൃത്തം അവതരിപ്പിച്ചു. യുവം 2023 പരിപാടിക്കു ശേഷമായിരുന്നു ക്രൈസ്തവ സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച.

പ്രധാനമന്ത്രി രാവിലെ 9.25 ന് തിരുവനന്തപുരത്തേക്ക് തിരിക്കും. 10.30 ന് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തതിനുശേഷം 10.50 വരെ റെയില്‍വേ സ്‌റ്റേഷനില്‍ ചിലവഴിക്കും. 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. ഒപ്പം കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിച്ച് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. 

വന്ദേഭാരതിനു പുറമെ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചുവേളി-തിരുവനന്തപുരം-നേമം റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.

നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനും ദിണ്ടിഗല്‍-പളനി-പൊള്ളാച്ചി വൈദ്യുതീകരിച്ച റെയില്‍പാതയും പ്രധാനമന്ത്രി നാടിനു കൈമാറി ഉച്ചയ്ക്കു 12.40 നു ഗുജറാത്തിലെ സൂറത്തിലേക്കു മടങ്ങും.


#Daily
Leave a comment