പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനില്‍; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തും. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും. പോളണ്ട് സന്ദര്‍ശനത്തിന് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് കീവിലേക്ക് പുറപ്പെട്ടത്. റഷ്യ-യുക്രൈന്‍ യുദ്ധം പരിഹരിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുവയ്ക്കാന്‍ ഈ കൂടിക്കാഴ്ച ഉപയോഗപ്പെടുത്തുമെന്നായിരുന്നു നരേന്ദ്ര മോദി പോളണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
യുക്രൈനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം 30 വര്‍ഷത്തിലേറെ നീണ്ടതാണ്. ഇന്ത്യയുടെ മികച്ച 50 വ്യാപാര പങ്കാളികളില്‍ ഒന്നാണ് യുക്രൈന്‍. കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും പ്രതിരോധം, സാമ്പത്തികം, ബിസിനസ് ബന്ധങ്ങള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സഹകരണം എന്നിവയായിരിക്കും ചര്‍ച്ച ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.
റഷ്യ യുക്രൈന്‍ യുദ്ധം നിലനില്‍ക്കെ റഷ്യ സന്ദര്‍ശിച്ച് ഏകദേശം ആറാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ യുക്രൈന്‍ സന്ദര്‍ശനം. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറലിന്റെ ഓഫീസ് അറിയിച്ചിരുന്നു.
പോളണ്ടില്‍ നിന്ന് യുക്രൈനിലേക്ക്
സാമാധാനത്തിനും സഹകരണത്തിനുമുള്ള പ്രതിബദ്ധത ഊന്നിപറഞ്ഞുകൊണ്ടായിരുന്നു പോളണ്ടില്‍ ഇന്ത്യന്‍ പ്രവാസികളെ മോദി അഭിസംബോധന ചെയ്തത്. എല്ലാരാജ്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതാണ് ദശാബ്ദങ്ങളായി ഇന്ത്യയുടെ നയമെന്നും എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളുമായും അടുത്തുനില്‍ക്കുന്നതാണെന്നും പോളണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. സമാധാനത്തിന്റെ വക്താവാണ് ഇന്ത്യയെന്നും സംഘര്‍ഷം പരിഹരിക്കാനുള്ള സംഭാഷണത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുകയെന്നും മോദി പറഞ്ഞു.
യുക്രൈനുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മോദിയും സെലന്‍സ്‌കിയും ജപ്പാനിലും ഇറ്റലിയിലും നടന്ന രണ്ട് ജി 7 ഉച്ചകോടികളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. റഷ്യയുടെ നടപടികളെ ഇന്ത്യ ഇതുവരെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല.