
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി; സുരക്ഷ ശക്തമാക്കി അമേരിക്ക
ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടക്കുന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് എന്ന് ആദ്യം വിളിച്ചിരുന്ന ക്വാഡ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് എന്നിവര്‍ പങ്കെടുക്കുന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോഡി ശനിയാഴ്ച പുലര്‍ച്ചെ യുഎസില്‍ എത്തി.
നരേന്ദ്ര മോഡി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായുള്ള സമയത്താണ് അദ്ദേഹം ബൈഡനെ കാണുക. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്താണ് ഉച്ചകോടി നടക്കുക. ബൈഡന്റെ അവസാന ക്വാഡ് ഉച്ചകോടി ആണിത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മോഡിയുടെ യു എസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത് മുതല്‍ ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പ്രധാന വിഷയമായിരിക്കും. അവിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോള പങ്കാളിത്തത്തെപ്പറ്റി ചര്‍ച്ച നടത്തും. അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാല്‍ ഈ ഉച്ചകോടി ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ്.
ഉച്ചകോടിക്ക് ശേഷം വില്‍മിംഗ്ടണില്‍ നിന്ന് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് പോകും. അവിടെ നടക്കുന്ന ലോംഗ് ഐലന്‍ഡില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ നാസാവു വെറ്ററന്‍സ് മെമ്മോറിയല്‍ കൊളീജിയത്തിലാണ് ഈ പരിപാടി നടക്കുക. ഏകദേശം 20,000 ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, ബയോടെക്നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിലെ മുന്‍നിര യു എസ് കമ്പനികളുടെ സിഇഒ കളുമായി ബിസിനസ് റൗണ്ട് ടേബിളില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മറ്റ് നിരവധി ലോക നേതാക്കളുമായും പ്രധാനമന്ത്രി മോഡി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധശ്രമങ്ങള്‍ നടന്നത് കണക്കിലെടുത്ത് മോഡിക്ക് വന്‍ സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍-അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ച കഴിഞ്ഞ 15 ദിവസമായി നടന്നിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ഡെലവെയറിലും ന്യൂയോര്‍ക്കിലും വേദികളിലും പരിസരങ്ങളിലുമെല്ലാം സുരക്ഷ വര്‍ധിപ്പിച്ചതായി യു എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.