TMJ
searchnav-menu
post-thumbnail

NARENDRA MODI | PHOTO : WIKI COMMONS

TMJ Daily

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍

22 Apr 2024   |   1 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. മോദിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് പരാതി. തെരഞ്ഞെടുപ്പ് റാലികളില്‍ നിന്നും മോദിയെ വിലക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ കൂട്ട പരാതി സമര്‍പ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്ത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന മോദിയുടെ പരാമര്‍ശമാണ് വിവാദമായത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

പ്രതിഷേധം ശക്തം

മോദിയുടെ ഭാഷ വിഷം നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്ന് മനസ്സിലായതോടെ മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവി ഇത്രത്തോളം താഴ്ത്തിയിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. തെരഞ്ഞെടുപ്പിനോടുള്ള ഭയമാണ് മോദിയുടെ പരാമര്‍ശത്തില്‍ ഉള്ളതെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മോദി ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യം ഭാവിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 2002 മുതല്‍ മുസ്ലീംങ്ങളെ അധിക്ഷേപിച്ചുകൊണ്ട് വോട്ട് നേടുന്നതാണ് മോദിയുടെ ഗ്യാരണ്ടി എന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദ്-ഉല്‍-മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.


 

 

#Daily
Leave a comment